കോഴിക്കോട് എകരൂലിൽ ചികിത്സാപ്പിഴവ് മൂലം ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ കുഞ്ഞിന്റെ അമ്മ അശ്വതിയും മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു അശ്വതി. വ്യാഴാഴ്ച പുലർച്ചെയാണ് ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിക്കുന്നത്. ഇതിന് പിന്നാലെയാണിപ്പോൾ അമ്മയും മരിച്ചത്.
എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റേയും അശ്വതിയുടേയും കുഞ്ഞാണ് വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. അശ്വതി ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
Read more
കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ വേദന വരാത്തതിനെത്തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയൻ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.