പ്രണയവിവാഹത്തിന് കൂട്ടുനിന്ന ബന്ധുവിന് ക്വട്ടേഷന്‍ നല്‍കിയ കേസില്‍ യുവതിയുടെ മാതാപിതാക്കള്‍ ഉള്‍പ്പടെ 7 പേര്‍ പിടിയില്‍. കോഴിക്കോട് വെള്ളിമാട് കുന്നില്‍ യുവാവിന്റെ ബന്ധുവായ റനീഷിനെ ആക്രമിച്ച കേസിലാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്വട്ടേഷന്‍ സംഘത്തിലുള്ളവരും പിടിയിലായിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളായ തലക്കുളത്തൂര്‍ പാലോറമൂട്ടില്‍ അജിത, ഭര്‍ത്താവ് അനിരുദ്ധന്‍, ക്വട്ടേഷന്‍ സംഘത്തിലുള്ള നടുവിലക്കണ്ടി വീട്ടില്‍ സുഭാഷ്, സൗപര്‍ണിക വീട്ടില്‍ അരുണ്‍, കണ്ടംകയ്യില്‍ അശ്വന്ത്, കണിയേരി മീത്തല്‍ അവിനാശ്, പുലരി വീട്ടില്‍ ബാലു എന്നിവരാണ് അറസ്റ്റിലായത്. ദുരഭിമാനത്തെ തുടര്‍ന്നാണ് ഇത്തരം കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മുമ്പും രണ്ട് തവണ ക്വട്ടേഷന്‍ നല്‍കിയിരുന്നു. പക്ഷെ അപ്പോള്‍ ആക്രമിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് രണ്ടാഴ്ച മുമ്പ് ആക്രമണം നടത്തിയത്.
ഡിസംബര്‍ 11 നായിരുന്നു കേസിന് ആസ്പദമായ സംഭവം. അജിത-അനിരുദ്ധന്‍ ദമ്പതികളുടെ മകളും, റനീഷിന്റെ ബന്ധുവായ സ്വരൂപും തമ്മിലുള്ള പ്രണയ വിവാഹത്തിന് കൂട്ട് നിന്നതിനാണ് റിനീഷിനെതിരെ ക്വട്ടേഷന്‍ നല്‍കിയത്. സ്വരൂപിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് റിനീഷ്. കോവൂരിലെ തുണിക്കട അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോള്‍ വീടിന് മുന്‍വശത്ത് വെച്ചായിരുന്നു ആക്രമണം. പരിചയഭാവം നടിച്ചെത്തിയ സംഘം റനീഷിനോട് ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് ആക്രമിക്കുകയും ആയിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ റനീഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Read more
പാലോറ അനിരുദ്ധനും ഭാര്യ അജിതയും തന്ന ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞാണ് ആക്രമിച്ചതെന്ന് റനീഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയാണ് പ്രതികളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.