കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്ക് ദുരനുഭവമുണ്ടായ സംഭവത്തില്‍ കണ്ടക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കണ്ടക്ടര്‍ കൃത്യവിലോപം നടത്തിയെന്നും, അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ യുവതിയോട് മോശമായി പെരുമാറിയ ആള്‍ക്കെതിരെയും, കണ്ടക്ടര്‍ക്കെതിരെയും നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.
ബസ് യാത്രക്കാരുടെ സുരക്ഷിത യാത്ര ജീവനക്കാരുടെ ചുമതലയാണ്. വിഷയം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് കെഎസ്ആര്‍ടിസി സി.എം.ഡി. യോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്കി.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടക്കുള്ള യാത്രക്കിടെ സഹയാത്രികനില്‍ നിന്ന് ലൈഗിംകാതിക്രമം നേരിട്ടതായി ഫെയ്സ്ബുക്കിലൂടെയാണ് അധ്യാപിക പറഞ്ഞത്. തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.
തനിക്ക് നേരെ ഉണ്ടായ അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും അധ്യാപിക പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മന്ത്രി അധ്യാപികയെ വിളിച്ച് സംസാരിച്ചിരുന്നു.
Read more
കണ്ടക്ടറുടെ പെരുമാറ്റം തന്നെ മാനസികമായി തളര്‍ത്തി. ഇനി ആര്‍ക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടാവാന്‍ പാടില്ലെന്ന് അധ്യാപിക പറഞ്ഞു. കണ്ടക്ടര്‍ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. സുരക്ഷിതമാണ് എന്ന് കരുതിയാണ് കെഎസ്ആര്‍ടിസി യാത്ര ഇത്രയുംനാള്‍ തെരഞ്ഞെടുത്തത്. പന്ത്രണ്ട് കൊല്ലമായി ഒരു ഭയവും കൂടാതെ യാത്ര ചെയ്തിരുന്നതാണ്. ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കാര്യം ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നതായും അധ്യാപിക പറഞ്ഞു.