നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയിൽ കോടതി ഉടൻ വിധി പറയും. പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയെന്ന് ബോബി ചെമ്മണ്ണൂര്‍ കോടതിയിൽ പറഞ്ഞു. അതേസമയം ബോബി ചെയ്തത് ഗുരുതര കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരിക്കെതിരെ ആരോപണം ഉന്നയിച്ചും ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. രൂക്ഷമായ വാദ പ്രതിവാദമാണ് കോടതിയിൽ നടന്നത്. ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിൽ വിടണോ റിമാന്‍ഡ് ചെയ്യണോ അതോ ജാമ്യം നൽകണോയെന്ന കാര്യത്തിൽ കോടതി ഉടൻ വിധി പറയും.
അതേസമയം പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്ന് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള വാദിച്ചു. മുഴുനീളം സമൂഹമാധ്യമങ്ങളിൽ, വാർത്തകളിൽ നിറഞ്ഞ് നിന്ന് പബ്ലിസിറ്റി നൽകുകയാണെന്നും ആരോപിച്ചു. എന്നാൽ, ബോബി ചെമ്മണ്ണൂര്‍ ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ശരീരത്തിൽ പരിക്കുണ്ടോയന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ രണ്ടു ദിവസം മുമ്പ് വീണിരുന്നുവെന്നും അതിന്‍റെ പരിക്കുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും അള്‍സര്‍ രോഗിയാണ് താനെന്നും ബോബി പറഞ്ഞു.