തിരുവനന്തപുരം തിരുവല്ലത്ത് ഭര്‍ത്താവ് കുഞ്ഞിനെ എടുത്തുകൊണ്ട് പോയതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാര്‍ശ. കൊല്ലം കടയ്ക്കല്‍ സ്റ്റേഷനിലെ സിപിഒ നവാസിനെതിരെയാണ് നടപടിക്ക് ശിപാര്‍ശ. യുവതിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസെടുത്തിരുന്നു.
കേസില്‍ പ്രതികളായ ഭര്‍തൃവീട്ടുകാര്‍ക്ക് പൊലീസിന്റെ നീക്കങ്ങള്‍ നവാസ് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇത് കേസില്‍ പ്രതിസ്ഥാനത്തുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ സഹായകരമായി. ആത്മഹത്യ ചെയ്ത ഷഹനയുടെ ഭര്‍തൃവീട്ടുകാരുടെ ബന്ധുവാണ് നവാസ്. യുവതി ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍തൃമാതാവിന്റെ പീഡനത്തെ കുറിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
Read more
ശാരീരികമായി ഭര്‍തൃമാതാവ് ഉപദ്രവിച്ചതിന് പിന്നാലെയാണ് ഷഹന സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. ഷഹനയുടെ ഭര്‍ത്താവ് നൗഫല്‍ വീട്ടിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ഷഹനയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയിരുന്നു. എന്നാല്‍ ഷഹന പോകാന്‍ തയ്യാറാകാതിരുന്നതോടെ ഇയാള്‍ കുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷഹന മുറിയില്‍ കയറി ആത്മഹത്യ ചെയ്തത്.