സഹതാപം ലക്ഷ്യമിട്ടാണ് പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത് എന്ന് വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ കോണ്‍ഗ്രസിനെതിരെ എഴുത്തുകാരിയായ എസ് ശാരദക്കുട്ടിയും രംഗത്ത്. സഹതാപവും കണ്ണുനീരും വേണ്ടപ്പോള്‍ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന ആ നാടകത്തോട് തികഞ്ഞ പുച്ഛമാണെന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ഉമാ തോമസ് അത്ര മികച്ച സ്ഥാനാര്‍ഥിയാണെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് എന്തൊരു ചതിയാണ് . പി.ടി യുടെ തുടര്‍ച്ചയാണ് ഉമാ തോമസ് എന്നല്ലല്ലോ, പി.ടി.ക്കും മേലെയാണ് അവര്‍ എന്നു തെളിയിക്കാന്‍ കഴിയുമായിരുന്നുവല്ലോ മുന്‍പേ തന്നെ. അപ്പോള്‍ അതൊന്നുമല്ല കാര്യം.’ ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ജയിച്ചാല്‍ കണ്ണുനീര് ജയിച്ചു എന്നും തോറ്റാല്‍ കണ്ണുനീര് തോറ്റു എന്നും സമ്മതിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും ശാരദക്കുട്ടി പറഞ്ഞു.
ഉമ തോമസ് മികച്ച പ്രവര്‍ത്തന പരിചയമുള്ള സ്ഥാനാര്‍ത്ഥിയാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നത്. ഇതിനെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ശാരദക്കുട്ടിയുടെ പോസ്റ്റ്. പിടിയ്ക്കും മേലെയാണ് എന്ന് തെളിയിക്കാന്‍ മുമ്പേ തന്നെ കഴിയുമായിരുന്നുവെന്നും, അതിനുള്ള അവസരം പാര്‍ട്ടി നല്‍കിയില്ലെന്നുമാണ് ശാരദക്കുട്ടി സൂചിപ്പിക്കുന്നത്.