മോദിയുടെ വിദ്വേഷ പ്രസംഗം എക്സിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ മതസ്പര്‍ദ്ധ വകുപ്പ് ചുമത്തി കേസ്

നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം എക്സിൽ പങ്കുവെച്ചത്തിന് ബിജെപിക്കെതിരെ കേസടുത്ത് ബെംഗളൂരു പൊലീസ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരം മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന വകുപ്പുകൾ ചുമത്തിയാണ് ബെംഗളുരു മല്ലേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആര്‍പി ആക്ട് 125ാം വകുപ്പ് ഐപിസി 153ാം വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

കോൺഗ്രസിന്‍റെ പ്രകടനപത്രിക മുസ്ലിം പ്രകടനപത്രികയെന്ന മോദിയുടെ വിവാദ പ്രസ്താവനയുള്ള പ്രസംഗമാണ് ബിജെപി ട്വീറ്റ് ചെയ്തത്. അതേസമയം വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി വൈകുന്നതിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും സമീപിക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. മോദിയുടെ കാര്യം വരുമ്പോൾ കമ്മീഷന്റെ നട്ടെല്ല് വളയുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു.

വിദ്വേഷ പ്രസംഗത്തിൽ മോദിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗുജറാത്തി പ്രവാസികൾ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കയിലുള്ള ഒരു സംഘം ഗുജറാത്തികൾ ഇതിനായി പ്രചാരണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു ലക്ഷം ഇ-മെയിലുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് അയക്കാനാണ് തീരുമാനം.

മുസ്ലിം വിഭാഗത്തെ കൂടുതൽ കുട്ടികളുള്ളവരെന്നും നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചുള്ളതായിരുന്നു മോദിയുടെ രാജസ്ഥാനിലെ പ്രസംഗം. ‘ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോൺഗ്രസ് പറഞ്ഞത്, രാജ്യത്തിന്റെ സമ്പത്തിൽ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങൾക്കാണ് എന്നാണ്. എന്നുവച്ചാൽ ഇപ്പോഴും അവർ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതൽ കുട്ടികൾ ഉള്ളവർക്കായിരിക്കും, നുഴഞ്ഞു കയറിയവർക്കുമായിരിക്കും. നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവർക്ക് നൽകണോ? നിങ്ങൾക്ക് അതിന് സമ്മതമാണോ?’ മോദി തിരഞ്ഞെടുപ്പ് യോഗത്തിൽ ചോദിച്ചു.

‘കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വർണ്ണം അവരെടുത്ത് നേരത്തെ പറഞ്ഞതുപോലെ വിതരണം ചെയ്യും. മൻമോഹൻ സിംഗ് സർക്കാരാണ് രാജ്യത്തിന്റെ സമ്പത്തിനു മുകളിൽ ഏറ്റവും കൂടുതൽ അവകാശമുള്ളത് മുസ്ലിങ്ങൾക്കാണെന്ന് പറഞ്ഞത്. ഈ അർബൻ നക്സൽ ചിന്താഗതികൾ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകൾ പോലും ബാക്കിവയ്ക്കില്ല’- എന്നും മോദി പറഞ്ഞിരുന്നു.