'കെട്ടിടം പണിതീര്‍ന്നിട്ട് പോരേ ഫര്‍ണീച്ചര്‍ വാങ്ങല്‍'; കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി സ്ഥാനമോഹ ചര്‍ച്ചകളെ പരിഹസിച്ച് ശശി തരൂര്‍

കേരളത്തില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളിലെ അലസതയില്‍ പൊതുവെ വ്യാപക വിമര്‍ശനം ഉയരുമ്പോഴും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തകൃതിയിലാണ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കാല്‍ പ്രാധാന്യം മുഖ്യമന്ത്രി കസേര ചര്‍ച്ചകള്‍ക്കാണെന്നിരിക്കെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വിമര്‍ശനവും ഉയരുന്നുണ്ട്. കെട്ടിടം പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫര്‍ണീച്ചര്‍ വാങ്ങണോയെന്ന പരിഹാസം ഉയര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ തന്നെ മുതിര്‍ന്ന നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരാണ്.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ തീര്‍ത്തും അനാവശ്യമെന്ന് ശശി തരൂര്‍ എംപി തിരുവനന്തപുരത്ത് പറഞ്ഞു. ആദ്യം കെട്ടിടം നിര്‍മ്മിച്ച് പൂര്‍ത്തിയാകട്ടെ എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാമെന്നാണ് ശശി തരൂര്‍ പരിഹാസരൂപേണ പറഞ്ഞത്. തിരുവനന്തപുരത്ത് സത്യസായി ബാവ ശതാബ്ദിയാഘോഷത്തില്‍ സംസാരിക്കവെയായിരുന്നു സ്വന്തം പാര്‍ട്ടിയിലെ കസേര ചര്‍ച്ചകളെ തരൂര്‍ പരിഹാസരൂപേണ വിമര്‍ശിച്ചത്.

മുഖ്യമന്ത്രി സ്ഥനത്തിനായുള്ള ചര്‍ച്ചകള്‍ തീര്‍ത്തും അനാവശ്യമാണെന്നും അതുകൊണ്ടാണ് തന്റെ ഭാഗത്ത് നിന്ന് അക്കാര്യത്തില്‍ ഒരു പ്രതികരണം പോലും ഉണ്ടാകാത്തതെന്നും ശശി തരൂര്‍ വ്യക്തമാക്കി. ആദ്യം കെട്ടിടം നിര്‍മ്മിച്ച് പൂര്‍ത്തിയാകട്ടെ എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാമെന്നാണ് മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകള്‍ അനാവശ്യമെന്ന് ചൂണ്ടിക്കാട്ടാനായി തരൂര്‍ പറഞ്ഞത്. കസേരയ്ക്ക് വേണ്ടി ചിന്തിക്കുന്നതിനും മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങാന്‍ പാര്‍ട്ടി സജ്ജമാകണമെന്നാണ് തരൂര്‍ പറഞ്ഞുവെയ്ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നുള്ളതാണ് പ്രധാനമെന്നും തരൂര്‍ ഓര്‍മ്മിപ്പിച്ചു.

രമേശ് ചെന്നിത്തലയുടെ എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശനവും മുസ്ലീം ലീഗ് പരിപാടിയില്‍ പങ്കെടുത്തതും ചെന്നിത്തലയെ നേതാക്കള്‍ പ്രകീര്‍ത്തിച്ചതുമെല്ലാം കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയാവുകയും കെ മുരളീധരന്‍ അടക്കം നേതാക്കളുടെ അതൃപ്തി രേഖപ്പെടുത്തിയുള്ള പ്രതികരണം വരുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ ബന്ധപ്പെടുത്തിയുള്ള പ്രതികരണവും ശശി തരൂര്‍ നടത്തി. സാമുദായിക നേതാക്കളെ കാണുന്നതില്‍ തെറ്റില്ലെന്നും അവരെ കാണുന്നത് പൊതുപ്രവര്‍ത്തകന്റെ ചുമതലയാണെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്.