'ലൗ ജിഹാദ് ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം', വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് ഷെജിന്‍

വിവാഹത്തിന് പിന്നാലെ ഉയര്‍ന്ന ലൗ ജിഹാദ് ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് കോടഞ്ചേരിയിലെ ഷെജിനും ജ്യോല്‍സ്‌നയും. തങ്ങളുടെ വിവാഹത്തിന്റെ പേരില്‍ നാട്ടില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ട്ടി തങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്ന് ഷെജിന്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രായപൂര്‍ത്തിയായ രണ്ട് ഇന്ത്യന്‍ പൗരന്മാരെന്ന് നിലയക്ക് തങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടായെക്കുമെന്ന് സാഹചര്യം ഉള്ളതിനാലാണ് നാട്ടില്‍ നിന്ന് മാറി നിന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ വലിയ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നാട്ടില്‍ നടക്കുന്നതെന്ന് ഷെജിന്‍ പറഞ്ഞു. ചില വര്‍ഗ്ഗീയ സംഘടനകളുടെ നിലപാട് മൂലമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് ഷെജിന്‍ ആരോപിച്ചു.

ഇതരമതസ്ഥര്‍ തമ്മിലുള്ള വിവാഹത്തില്‍ സിപിഎമ്മിന് പോസിറ്റീവായിട്ടുള്ള നിലപാടാണ്. താന്‍ അവിടെ രണ്ട് മൂന്ന് ദിവസം ഇല്ലാതിരുന്നത് മൂലമുള്ള ആശയക്കുഴപ്പമാകാം ഉണ്ടായത്. ജോര്‍ജ് എം.തോമസിനെതിരെ നടപടി വേണമെന്ന് അഭിപ്രായമില്ലെന്നും ഷെജിന്‍ വ്യക്തമാക്കി.

Read more

സംഭവത്തിന് പിന്നാലെ ദമ്പതികള്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്ത് വന്നിരുന്നു. വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണ്. സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും, ലവ് ജിഹാദ് ഒരു നിര്‍മ്മിത കള്ളമാണെന്നുമാണ് ഡിവൈഎഫ്ഐ വ്യക്തമാക്കിയത്.