കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ മരണകാരണം ഷിഗെല്ല ബാക്ടീരിയ എന്ന് കണ്ടെത്തി. ഷിഗെല്ല ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്ന് ലഭിക്കും.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് കുട്ടികളിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇവരുടെ നില ഗുരുതരമല്ല. ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് ഉള്ളത്. ഇവര്‍ക്കും ഷിഗെല്ല ആകാമെന്നാണ് വിലയിരുത്തല്‍. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. വിവിധ ആശുപത്രികളിലായി 52 ഓളം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിനിയായ ദേവനന്ദയാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. 16 വയസായിരുന്നു. നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകളാണ് ദേവനന്ദ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം.
സംഭവത്തില്‍ കുട്ടി ഷവര്‍മ കഴിച്ച ഐഡിയല്‍ കൂള്‍ബാറിന്റെ മാനേജരും, മൂന്നാം പ്രതിയുമായ കാസര്‍കോട് പടന്ന സ്വദേശി അഹമ്മദ് അറസ്റ്റിലായിട്ടുണ്ട്. മാനേജിങ് പാര്‍ട്ണറായ മംഗളൂരു സ്വദേശി അനക്സ്, ഷവര്‍ മേക്കറായ നേപ്പാള്‍ സ്വദേശി സന്ദേശ് റായി എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിന്റെ ഉടമ ദുബായിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. സംഭവത്തില്‍ അന്വേഷണം നടത്തുന്ന എഡിഎം നാളെ റിപ്പോര്‍ട്ട് നല്‍കും.
Read more
ഷിഗെല്ല വ്യാപന ഭീതിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.