മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തെ വേദനിപ്പിക്കുന്ന വിയോഗമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേത് എന്നും അദ്ദേഹം പറഞ്ഞു.
ഉദാത്തമായ മതനിരപേക്ഷ നിലപാട് തങ്ങള്‍ ഉയര്‍ത്തി പിടിച്ചു. മൃദുഭാക്ഷി ആയിരുന്നുവെങ്കിലും കാര്‍ക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു ഹൈദരലി തങ്ങളുടേത്. കേരളീയ സമൂഹത്തിന് മുന്നില്‍ ഒരു ശൂന്യത സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും സതീശന്‍ പറഞ്ഞു.
വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടന്ന് ചികിത്സയിലിരിക്കവെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ അന്ത്യം. അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. കേരളീയ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍.
കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയുടെ പുത്രി ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍. മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്.
മൃതദേഹം കൊച്ചിയില്‍ നിന്ന് മലപ്പുറത്തെത്തിച്ച ശേഷം വൈകുന്നേരം അഞ്ച് മണി മുതല്‍ ടൗണ്‍ ഹൗളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാത്രിയിലും പൊതു ദര്‍ശനം തുടരും. നാളെ രാവിലെ 9മണിക്കാണ് ഖബറടക്കം.