കടകൾ തുറക്കണം, മുഖ്യമന്ത്രിയുടെ ഭീഷണി പാർട്ടിക്കാരോട് മതി: എം.ടി രമേശ്

സംസ്ഥാനത്തെ കടകൾ തുറക്കണമെന്നും മുഖ്യമന്ത്രിയുടെ ഭീഷണി പാർട്ടിക്കാരോട് മതിയെന്നും ബിജെപി നേതാവ് എം ടി രമേശ്. കോവിഡ് നിയന്ത്രണങ്ങൾ ആകെ താളം തെറ്റിയതിൻ്റെ ആഘാതമായിരിക്കണം സ്വാഭാവിക മാനസികനിലയിൽ ആയിരുന്നില്ല മുഖ്യമന്ത്രിയുടെ പ്രതികരണം. ആരോടാണ് മുഖ്യമന്ത്രി കുരച്ച് ചാടുന്നത്. നികുതിദായകരായ വ്യാപാരികളോടോ എന്ന് എം.ടി രമേശ് ചോദിച്ചു.

വ്യാപാരികൾ ഉന്നയിക്കുന്ന ജീവിതപ്രശ്നങ്ങളോട് എത്ര കാലം മുഖ്യമന്ത്രിക്ക് മുഖം തിരിഞ്ഞ് നിൽക്കാൻ സാധിക്കും. നികുതിയും വാടകയും ഇളവില്ലാതെ ഈടാക്കപ്പെടുകയും വരുമാനം പൂർണമായും നിലച്ചുപോവുകയും ചെയ്യുമ്പോൾ നിവൃത്തികേടു കൊണ്ട് ഒരു ജനത പ്രതികരിക്കുന്നതിനെ ഭീഷണി കൊണ്ട് നേരിടാമെന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിച്ചോ എന്നും എം.ടി രമേശ് ചോദിച്ചു.

ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താമെന്നാണ് വിചാരമെങ്കിൽ ഒരു കാര്യം മുഖ്യമന്ത്രി ഓർക്കണം വ്യാപാരി സമൂഹത്തിൻ്റെ ജീവിതസമരത്തിന് പിന്തുണയുമായി കേരളം മുഴുവനുണ്ടാകും അതിൻ്റെ നേതൃത്വത്തിൽ രാജ്യം ഭരിക്കുന്ന പാർട്ടിയും അതിൻ്റെ നേതാക്കളും ഉണ്ടാകും.

അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സുഗമമായ വ്യാപാര അന്തരീക്ഷം സർക്കാർ ഉണ്ടാക്കണം. വാക്‌സിൻ വിതരണത്തിലെ മെല്ലെപ്പോക്ക് പരിഹരിച്ച് ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കണം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കടകൾ തുറക്കാൻ സർക്കാർ സൗകര്യമൊരുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നതായും എം.ടി രമേശ് അറിയിച്ചു.