സില്‍വര്‍ലൈന്‍ നടപ്പാക്കണം; എതിര്‍ക്കുന്നത് വികസനവിരോധികളെന്ന് എസ്.ആര്‍.പി

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. പദ്ധതി നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റെ ആഗ്രഹം. പിണറായി വിജയനും സീതാറാം യെച്ചൂരിയും താനും പറയുന്നത് ഒരേ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വികസന വിരോധികളാണ് പദ്ധതിയെ എതിര്‍ക്കുന്നത്. പരിസ്ഥിതിയെ സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി ശ്രദ്ധയോടെയാണ് പരിഗണിക്കുന്നത്. സാമൂഹിക ആഘാത പഠനത്തില്‍ പാര്‍ട്ടിക്ക് ശുഭപ്രതീക്ഷയുണ്ട്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മുന്നോട്ട് പോകും. സില്‍വര്‍ലൈന്‍ കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് സഹായകമാകുമെന്നും എസ്ആര്‍പി വ്യക്തമാക്കി.

കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു തര്‍ക്കവും ഇല്ല. കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് നിന്ന് കേന്ദ്ര നയങ്ങളെ എതിര്‍ക്കണം.

ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം. ജനാധിപത്യ സംവിധാനം അട്ടിമറിക്കപ്പെടുകയാണ്. സ്വതന്ത്രമായ വിദേശനയവും ഇല്ലാതായി. ആരൊക്കെയാണോ ബിജെപിയെ എതിര്‍ക്കാന്‍ തയ്യാറുള്ളത് അവര്‍ക്കെല്ലാം ഒപ്പമായിരിക്കും സിപിഎം എന്നും എസ് രാമചന്ദ്രന്‍പിള്ള കൂട്ടിച്ചേര്‍ത്തു.