തൃശൂരിൽ ആളൊഴിഞ്ഞ പറമ്പില്‍ തലയോട്ടിയും അസ്ഥികളും; തിരിച്ചറിയല്‍ രേഖ സമീപം, ദുരൂഹത

തൃശൂരിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻറെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കളപ്പുറത്ത് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് തലയോട്ടി കണ്ടത്. ഇതിനോട് ചേർന്ന് ഒരു തിരിച്ചറിയല്‍ രേഖയുമുണ്ടായിരുന്നു.

എരുമപ്പെട്ടി കടങ്ങോട് ആണ് സംഭവം. കഴിഞ്ഞ ദിവസം നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തിയത്. രണ്ട് മാസം പഴക്കമുള്ള മനുഷ്യന്‍റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. നാട്ടുകാരാണ് ആദ്യം അസ്ഥികൂടം കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവിരം അറിയിക്കുകയായിരുന്നു.

പരിശോധനയിൽ അസ്ഥികൂടം മനുഷ്യന്‍റേതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ സമീപത്തുനിന്ന് ഒറ്റപ്പാലം സ്വദേശി പാറപ്പുറം കരുവാത്ത് കൃഷ്ണന്‍ കുട്ടി (65) യുടെ തിരിച്ചറിയില്‍ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടുമാസം പഴക്കം തോന്നിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പ്രദേശത്ത് നിന്ന് കാണാതായ ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read more