പു.ക.സ.യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കപ്പെ നടന്‍ ഹരീഷ് പേരടിയ്ക്ക് പിന്തുണയറിയിച്ച് വി.ടി ബല്‍റാം. കേരളം ഭരിക്കുന്ന സര്‍വ്വാധിപതിക്ക് മംഗളപത്രം സമര്‍പ്പിക്കാന്‍ മാത്രമറിയാവുന്ന പരാന്നജീവികളുടെ അടിമക്കൂട്ടം മാത്രമാണ് ആ സംഘടനയെന്നും ഇതില്‍ അദ്ഭുതമില്ലെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ബല്‍റാമിന്റെ കുറിപ്പ്..
‘തനിക്കേറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തുകൂടിയായ അന്തരിച്ച പ്രശസ്ത നാടകകൃത്ത് എ. ശാന്തകുമാറിന്റെ അനുസ്മരണ പരിപാടിയില്‍ ഔപചാരികമായി ക്ഷണിക്കപ്പെട്ട് പരിപാടിസ്ഥലത്തേക്കെത്തിച്ചേരുന്നതിന്റെ പാതിവഴിയിലാണ് ഹരീഷ് പേരടിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതായിപ്പറഞ്ഞ് അപമാനിച്ച് തിരിച്ചയച്ചിരിക്കുന്നത്. തന്നെ ഒഴിവാക്കാനായി സംഘാടകര്‍ പറഞ്ഞതായി അദ്ദേഹം തന്നെ സൂചിപ്പിക്കുന്നത് ‘പ്രത്യേക രാഷ്ട്രീയ സാഹചര്യ’ങ്ങളാണ്.
കേരളം ഭരിക്കുന്ന സര്‍വ്വാധിപതിക്ക് മംഗളപത്രം സമര്‍പ്പിക്കാന്‍ മാത്രമറിയാവുന്ന പരാന്നജീവികളുടെ അടിമക്കൂട്ടം മാത്രമാണ് ആ സംഘടന എന്നറിയാവുന്നതുകൊണ്ട് ഇക്കാര്യത്തില്‍ സാംസ്‌ക്കാരിക കേരളത്തിന് അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല. അവരുടെ പരിപാടികളില്‍ പങ്കെടുക്കുന്ന മറ്റ് സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ് ഇനി സ്വന്തം ക്രഡിബിലിറ്റി വീണ്ടെടുക്കേണ്ടത്. സ്വതന്ത്രമായും നിഷ്പക്ഷമായും അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണോ അതോ വെറും പാദസേവകരാണോ എന്ന് അവരോരുത്തരുമാണ് ഇനി തെളിയിച്ചു കാണിക്കേണ്ടത്.