'നാട്ടില്‍ വന്നപ്പോള്‍ മിഠായി കഴിച്ച ശേഷം അതിന്റ കടലാസ് ഇടാന്‍ വേസ്റ്റ് ബിന്‍ നോക്കിയിട്ട് എങ്ങും കണ്ടില്ല'; നോര്‍വെയിലെത്തിയ മുഖ്യമന്ത്രിയോട് കുഞ്ഞു സാറയുടെ പരാതി, മറുപടി ഇങ്ങനെ

നാട്ടില്‍ വന്നപ്പോള്‍ മിഠായി കഴിച്ചപ്പോള്‍ അതിന്റെ കടലാസ് ഇടാന്‍ വേസ്റ്റ് ബിന്‍ നോക്കിയിട്ട് എങ്ങും കണ്ടില്ലെന്നും ഇനി വരുമ്പോള്‍ ഇതിനു മാറ്റമുണ്ടാകുമോ? നോര്‍വേയിലെ മലയാളി അസോസിയേഷനായ ‘നന്മ’ യുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോടുള്ള ആദ്യ ചോദ്യം ഇതായിരുന്നു. രണ്ടാം ക്ലാസ്സുകാരിയായ കുഞ്ഞു സാറയുടെ പരിഭവം കലര്‍ന്ന ചോദ്യത്തിന് രണ്ട് അക്കാദമീഷ്യന്‍മാര്‍ പണ്ട് സിംഗപ്പൂരില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

രണ്ട് അക്കാദമീഷ്യന്‍മാര്‍ പണ്ട് സിംഗപ്പൂരിലെത്തി. യാത്രക്കിടെ അവിടെ ബസ്സില്‍ നിന്നിറങ്ങിയ അവര്‍ ടിക്കറ്റ് റോഡിലിടുന്നത് കണ്ട സ്‌കൂള്‍ കുട്ടികള്‍ അമ്പരന്നു പോയെന്നും ഇതു കണ്ട് തെറ്റ് മനസ്സിലാക്കിയ അവര്‍ റോഡില്‍ നിന്നും ടിക്കറ്റ് എടുത്ത് വേസ്റ്റ് ബിന്നിലിട്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഈ അവബോധം വേണ്ടത്ര വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടി കാട്ടി. മാലിന്യ സംസ്‌കരണം പ്രധാന പ്രശ്‌നമായി സര്‍ക്കാര്‍ കാണുന്നുവെന്നും അത് പരിഹരിക്കുന്നതിനായി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read more

സാറ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് കേരളത്തെ മാറ്റാന്‍ ശ്രമിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഹര്‍ഷാരവത്തോടെ സദസ്സ് സ്വീകരിച്ചു.