ലോക കേരള സഭയില്‍ 'പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം'; കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം

ലോക കേരള സഭയില്‍ പാലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. പലസ്തീനിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്നാണ് പ്രമേയം. പാലസ്തീന്‍ എംബസി കൈമാറിയ കഫിയ പ്രമേയാവതാരകന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പലസ്തീന്‍ പതാക സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഏറ്റുവാങ്ങി. ഇതുള്‍പ്പടെ പത്ത് പ്രമേയങ്ങള്‍ ലോക കേരള സഭയില്‍ പാസാക്കി.

ലോക കേരള സഭയുടെ നാലാം സമ്മേളനമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. കുവൈറ്റ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ദുഖസൂചകമായി ഉദ്ഘാടന സമ്മേളനവും ആഘാഷ പരിപാടികളും ഒഴിവാക്കിയാണ് സമ്മേളനം ആരംഭിച്ചത്. നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും എംപിമാരും കേരളത്തിനകത്തും പുറത്തുമുള്ള മലയാളി പ്രതിനിധികളുമാണ് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.

കേരളത്തിന്റെ വികസന കാര്യങ്ങളും ഭാവി സാധ്യതകളും അജണ്ടയായിട്ടുള്ള സഭയില്‍ ഇന്ത്യക്ക് പുറത്ത് നിന്നുള്ള ക്ഷണിക്കപ്പെട്ട വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമുണ്ട്. സഭാ നടത്തിപ്പിന് രണ്ട് കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. അതേസമയം ലോക കേരളസഭയിൽ പങ്കെടുക്കില്ലെന്ന് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ പ്രവാസി വ്യവസായി എം എ യൂസഫലി അറിയിച്ചിരുന്നു. കുവൈത്ത് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Read more