തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ നടപടി; യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന; ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദക്ഷിണ റെയില്‍വേ

ശബരിമല തീര്‍ഥാടകര്‍ തീവണ്ടികളില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷിക്കുമെന്ന് റെയില്‍വേ. 1000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ. ദക്ഷിണ റെയില്‍വേയാണ് മുന്നറിയിപ്പു നല്‍കിയത്.

ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് തീവണ്ടികളിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും തീകൊളുത്തിയുള്ള പൂജകള്‍ നിരോധിച്ചിട്ടുണ്ട്.

തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമായും യാത്ര ചെയ്യരുത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു കണ്ടാല്‍ 130 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി അറിയിക്കാമെന്നും റെയില്‍വേ വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ ഇക്കുറി വരുമാനത്തില്‍ വന്‍ വര്‍ധനവെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസത്തെ വരുമാനം 47,12,01,536 ( നാല്‍പത്തി ഏഴ് കോടി പന്ത്രണ്ടു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് ) രൂപയായിരുന്നു.

എന്നാല്‍ ഇത്തവണ ആദ്യ 12 ദിവസം 63,01,14,111( അറുപത്തി മൂന്ന് കോടി ഒരു ലക്ഷത്തി പതിനാലായിരത്തി ഒരുന്നൂറ്റി പതിനൊന്ന്) രൂപയാണ് ലഭിച്ചിരിക്കുന്നത്. 15,89,12,575 (പതിനഞ്ച് കോടി എണ്‍പത്തി ഒന്‍പത് ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ്റി എഴുപത്തി അഞ്ച് ) രൂപയുടെ അധിക വരുമാനം ലഭിച്ചെന്നാണ് ശബരിമല തീര്‍ഥാടന അവലോകന യോഗത്തിനു ശേഷം പ്രശാന്ത് പറഞ്ഞത്.