എസ്പി സുജിത് ദാസിന് സസ്പെന്‍ഷന്‍; നടപടി ഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ എസ്പി സുജിത് ദാസിന് സസ്പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. എഡിജിപി എംആര്‍ അജിത്കുമാറിനെ കുറിച്ചും മറ്റ് ഉദ്യോഗസ്ഥരെ കുറിച്ചും സുജിത് ദാസ് നടത്തിയ വെളിപ്പെടുത്തലുകള്‍ സേനയ്ക്ക് ആകെ അപമാനമായിരുന്നു.

എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പും ശുപാര്‍ശ നല്‍കിയിരുന്നു. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സുജിത് ദാസ് പത്തനംതിട്ട എസ്പി ആയിരുന്നു.

എസ്പി ക്യാംപ് ഓഫീസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് സുജിത് ദാസ് പി വി അന്‍വറിനോട് പറയുന്ന ഓഡിയോ പുറത്തുവന്നിരുന്നു. എസ്പിയുടെ ക്യാമ്പ് ഹൗസില്‍ നിന്ന് മരങ്ങള്‍ കടത്തിയെന്ന പരാതി പിന്‍വലിക്കാനാണ് സുജിത് ദാസ് പി വി അന്‍വര്‍ എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.

Read more

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സുജിത് ദാസ് ഡിജിപിയ്ക്ക് മുന്നില്‍ ഹാജരായിരുന്നു. എസ്പിയുടെ ക്യാമ്പ് ഓഫീസിലുണ്ടായിരുന്ന ഒരു തേക്കും മഹാഗണിയുമാണ് മുറിച്ചുമാറ്റിയത്.