സംസ്ഥാനത്തെ പോക്സോ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. എല്ലാ ജില്ലകളിലും ഡിവൈഎസ്പിമാരാണ് സംഘത്തിന് നേതൃത്വം നല്‍കുക. 44 സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരും സംഘത്തിലുണ്ടാകും. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
പോക്സോ കേസുകളിലെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ വേണ്ടിയാണ് പ്രത്യേക സംഘം രൂപീകരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരാണ് പോക്സോ കേസുകളും അന്വേഷിക്കുന്നത്. എന്നാല്‍ ഈ ചുമതലയോടൊപ്പം കേസന്വേഷണം കൂടി നടത്തേണ്ടി വരുന്നതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം നല്കാന് കഴിയാത്ത സാഹചര്യമുണ്ടാകാറുണ്ട്. ഇത് വിചാരണ സമയബന്ധിതമായി നടത്തുന്നതിന് തടസ്സമാകുന്നു. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനെയും ബാധിക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കേസുകളില്‍ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ വേഗത്തിലാക്കുക എന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സ്റ്റേഷനുകളിൽ കുട്ടികള്‍ക്കെതിരായ പീഡനകേസ് രജിസ്റ്റർ ചെയ്താൽ പ്രത്യേക സംഘത്തിന് കൈമാറും. ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ അന്വേഷണ സംഘത്തിന്റെ ഘടനയില്‍ മാറ്റമുണ്ടാകും.
ഓരോ വര്‍ഷവും 500ല്‍ താഴെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷനുകളുടെ ചുമതലയില്‍ നിന്ന് ഇന്‍സ്പെക്ടര്‍മാരെ മറ്റു മേഖലകളിലേക്ക് മാറ്റും. 500ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സി കാറ്റഗറിയിലുള്ള 112 സ്റ്റേഷനുകള്‍ കേരളത്തിലുണ്ട്. ഇവിടെ നിന്ന് ഒഴിവാക്കുന്ന എസ്എച്ച്ഒമാരെ ജില്ലാ ക്രൈം ബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സേന എന്നിവിടങ്ങളിലേക്കാകും മാറ്റുക.
Read more
പോക്സോ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കലും വിചാരണയും വൈകുന്നത് ചൂണ്ടിക്കാട്ടി അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് സുപ്രീംകോടതിയും കഴിഞ്ഞ വര്‍ഷം നിര്‍ദ്ദേശിച്ചിരുന്നു.