'റെയില്‍വെ പ്രോജക്ടിന് അദ്ദേഹത്തിന് ഓഫീസ് ആവശ്യമാണ്'; എം.എൽ.എ ഓഫീസ് എടുത്തെന്ന ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് വി.കെ ശ്രീകണ്ഠന്‍ 

പാലക്കാട് എം.എല്‍.എ ഓഫീസ് തുറന്നെന്ന എന്‍.ഡിഎ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. ശ്രീധരന്‍ ഓഫീസ് തുറക്കുന്നത് നല്ലതാണ്. റെയില്‍വെയുടെ പുതിയ പല പ്രോജക്ടുകളും പാലക്കാട് വരുന്നുണ്ട്. അതിന് നേതൃത്വം കൊടുക്കാന്‍ വേണ്ടി അദ്ദേഹത്തിന് ഓഫീസ് ആവശ്യമാണെന്ന് വി.കെ ശ്രീകണ്ഠന്‍ പരിഹസിച്ചു. നിയമസഭാ സാമാജികന്റെ ഓഫീസ് ഷാഫി പറമ്പില്‍ നിലനിര്‍ത്തുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. പാലക്കാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിയപ്പെടുന്ന ഒരാളെന്ന നിലയില്‍ പ്രചാരണത്തിലൊക്കെ ശ്രീധരന്‍ മുന്‍പന്തിയില്‍ വന്നിട്ടുണ്ടാകാം. എന്നാല്‍ വോട്ടിന്റെ കാര്യത്തില്‍ ചോര്‍ച്ച സംഭവിക്കാനുള്ള സാഹചര്യമില്ലെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി.

അതേസമയം എ. വി ഗോപിനാഥിനെ വിമര്‍ശിച്ചും ശ്രീകണ്ഠന്‍ രംഗത്ത് എത്തി. ഏതെങ്കിലും ഒരാൾ വിളിച്ചു കൂവിയാൽ ഇവിടെ പ്രശ്‌നമാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശ്രീകണ്ഠൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് ചില ആളുകൾ പാർട്ടിക്കെതിരെ ഗൂഢാലോചന നടത്തി. പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നത് യഥാർത്ഥ കോൺഗ്രസ് പ്രവർത്തകന് ചേരുന്ന നടപടിയല്ല. കോൺഗ്രസിന് പുറത്തുള്ളവരാണ് പാർട്ടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നത്. അവരുടെ കൈയിലെ ചട്ടുകമായി ചിലർ മാറി. ഇവരുടെയൊക്കെ പൂർവകാല ചരിത്രം നോക്കിയാൽ പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് കാണാം. ഓരോ ആളുകൾ വരുമ്പോഴും അവരെ തകർക്കാനാണ് ശ്രമമെന്നും വി. കെ ശ്രീകണ്ഠൻ വ്യക്തമാക്കി.