സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ തിരുവനന്തപുരത്ത്; സ്‌കൂള്‍ ശാസ്ത്രോത്സവം നവംബറില്‍ ആലപ്പുഴയില്‍; തിയതികള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി നാലുമുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് നടക്കും. നാലിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. തദ്ദേശീയ കലാരൂപങ്ങള്‍കൂടി മത്സര ഇനമായി ഇക്കുറി അരങ്ങേറും. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

249 ഇനങ്ങളിലായി 15,000 പേര്‍ കലോത്സവത്തില്‍ പങ്കെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഡിസംബര്‍ മൂന്നു മുതല്‍ ഏഴുവരെയാണ് സംസ്ഥാന കലോത്സവം നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ നാലിന് കേന്ദ്രം നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ (നാസ്) പരീക്ഷ പ്രഖ്യാപിച്ചതിനാലാണ് തീയതി മാറ്റിയത്.

അതേസമയം, സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ പതിനായിരത്തോളം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐടി, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലായാണ് മത്സരം. 180 ഇനങ്ങളില്‍ മത്സരമുണ്ടാകും. വൊക്കേഷണല്‍ എക്സ്പോയും കരിയര്‍ഫെസ്റ്റും ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുണ്ട്.