'പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി'; സർക്കാർ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസ്

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടിയെന്ന പരാതിയുമായി ആലപ്പുഴ സ്വദേശി. ഹരിപ്പാട് ഗവ. ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് യുവതിയുടെ ഗുരുതര ആരോപണം. യുവതിയുടെ പരാതിയിൽ ‍ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെ പൊലീസ് കേസെടുത്തു.

‍ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെ നടപടിയാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് യുവതി പരാതി നല്‍കിയിരുന്നു. ആലപ്പുഴ പെണ്ണുക്കര സ്വദേശിയായ ഇരുപത്തെട്ടുകാരിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി, തുടര്‍ന്ന് രക്തം കട്ടപിടിച്ചു. പഞ്ഞിക്കെട്ട് പുറത്തെടുക്കാന്‍ രണ്ടാമത് ശസ്ത്രക്രിയ നടത്തേണ്ടി വന്നുവെന്നും യുവതി പറയുന്നു.