ഹര്‍ത്താല്‍ ദിനത്തില്‍ കല്ലേറ്; അറസ്റ്റിലായ ബാസിത് ആല്‍വി പി.എഫ്.ഐ പ്രവര്‍ത്തകനെന്ന് പൊലീസ്

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കാര്യറ ആലുവിള വീട്ടില്‍ അബ്ദുല്‍ ബാസിത് എന്ന ബാസിത് ആല്‍വിയാണ് പിടിയിലായത്. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു.

പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ നാല് പേരും പിടിയിലായി.സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ശ്രദ്ധേയനായ ആളാണ് ബാസിത് ആല്‍വി. പുനലൂര്‍ കാര്യറ ദാറുസലാമില്‍ മുഹമ്മദ് ആരിഫ്, കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മന്‍സിലില്‍ സെയ്ഫുദ്ദീന്‍, കോക്കാട് തലച്ചിറ അനീഷ് മന്‍സിലില്‍ അനീഷ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

കല്ലേറില്‍ ബസ്സിന്റെയും ലോറിയുടെയും ചില്ല് തകരുകയും ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി പി രാഗേഷിന് കണ്ണിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എണ്‍പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

കല്ലേറില്‍ കെഎസ്ആര്‍ടിസിക്ക് മൂന്ന് ലക്ഷത്തിന്റെയും ലോറികള്‍ക്ക് ഒന്നര ലക്ഷത്തിന്റെയും നഷ്ടമാണ് ഉണ്ടായത്. രാവിലെ കൊട്ടാരക്കരയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ശേഷമാണ് രണ്ട് ബൈക്കുകളിലായി പുനലൂരിലെത്തിയ ഇവര്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞത്.