വഖഫ് ആഭ്യന്തര വിഷയം, അഭിപ്രായം വേണ്ട; പാക്കിസ്ഥാനു വേണ്ടി സമയം പാഴാക്കേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല; ഭീകരവാദം അവരെ കടിച്ചുകീറാന്‍ തുടങ്ങിയെന്ന് എസ് ജയശങ്കര്‍

രാജ്യത്തിന്റെ ഇരുസഭകളും പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരായ പാകിസ്താന്റെ വിമര്‍ശനം തള്ളി തിരിച്ചടിച്ച് ഇന്ത്യ. മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നതിന് മുമ്പ് സ്വന്തം കാര്യം നോക്കണമെന്നും ഇന്ത്യ പറഞ്ഞു.

നിയമത്തെക്കുറിച്ചുള്ള പാകിസ്താന്റെ അഭിപ്രായങ്ങള്‍ നിക്ഷിപ്ത താല്‍പര്യത്തോടെയുള്ളതും അടിസ്ഥാനരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ അഭിപ്രായം പറയാന്‍ അയല്‍രാജ്യത്തിന് അവകാശമില്ല.

വഖഫ് നിയമം ഇന്ത്യന്‍ മുസ്‌ലിംകളുടെ മതപരവും സാമ്പത്തികവുമായ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് ആരോപിച്ചതിനെതുടര്‍ന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, പാക്കിസ്ഥാന്‍ ഇരട്ടത്താപ്പ് കളിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഒരു വശത്ത് താലിബാനെ നിര്‍ത്തിക്കൊണ്ടായിരുന്നു പാക്കിസ്ഥാന്‍ ഇരട്ടത്താപ്പ് കാണിച്ചിരുന്നതെന്നും പക്ഷേ, സ്വന്തം സൃഷ്ടിയായ ഭീകരതയില്‍ ആ രാജ്യം കുടുങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടതോടെ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞുപോയെന്നും ജയശങ്കര്‍ പറഞ്ഞു.

പാക്കിസ്ഥാനു വേണ്ടി ഇനി വിലയേറിയ സമയം പാഴാക്കേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല.
മേഖലയില്‍ മുഴുവന്‍ ഭീകരവാദം കൊണ്ടുവന്നതു പാക്കിസ്ഥാനാണെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇരട്ടത്താപ്പ് കളിച്ചിട്ട് അവര്‍ക്ക് ലഭിച്ച നേട്ടങ്ങള്‍ എല്ലാം യുഎസ് സൈന്യം അഫ്ഗാന്‍ വിട്ടതോടെ പാക്കിസ്ഥാന് നഷ്ടമായി. പാക്കിസ്ഥാന്‍ ഒരിക്കല്‍ പ്രോത്സാഹിപ്പിച്ച ഭീകരവാദം ഇന്ന് അവരെ തന്നെ കടിച്ചുകീറാന്‍ വരികയാണ്. മുംബൈ ഭീകരാക്രമണത്തിനു ശേഷം ഒരു അയല്‍രാജ്യത്തില്‍ നിന്നുള്ള ഇത്തരം പെരുമാറ്റം ഇനി സഹിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യക്കാര്‍ തീരുമാനമെടുത്തു. ആ വികാരം ഇന്ത്യയില്‍ വളരെ ശക്തമായിരുന്നു. പക്ഷേ, ആ സമയത്തെ സര്‍ക്കാര്‍ അത് പൂര്‍ണ്ണമായി മനസ്സിലാക്കിയിരുന്നില്ലന്നും അദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യ ആകെ മാറി. പാക്കിസ്ഥാനും മാറിയെന്നു പറയാന്‍ കഴിഞ്ഞെങ്കിലെന്ന് എനിക്ക് ആഗ്രഹമുണ്ട്. നിര്‍ഭാഗ്യവശാല്‍, അവര്‍ അവരുടെ മോശം ശീലങ്ങള്‍ തുടരുകയാണ്. 2014-ല്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ മാറി. ഇതോടെ ഭീകരവാദ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ തിരിച്ചടി ലഭിക്കുമെന്ന് പാക്കിസ്ഥാന് മനസിലായെന്നും ജയശങ്കര്‍ പറഞ്ഞു.