മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണെന്ന ആരോപണത്തില്‍ ഉറച്ച് നിന്നു; മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. നിലമ്പൂരില്‍ പൊലീസ് വെടിവയ്പ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് ഗതാഗത തടസമുണ്ടാക്കി പ്രതിഷേധിച്ചുവെന്നതായിരുന്നു ഗ്രോ വാസുവിനെതിരെയുണ്ടായിരുന്ന കേസ്.

കഴിഞ്ഞ ഒന്നര മാസമായി കേസില്‍ വിചാരണ തടവില്‍ കഴിയുകയായിരുന്നു ഗ്രോ വാസു. കഴിഞ്ഞ ദിവസം കോടതിയില്‍ മുദ്രാവാക്യം വിളിച്ചതിനാല്‍ ഇന്ന് ഗ്രോ വാസുവിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പകരം ഓണ്‍ലൈനായാണ് കോടതി കേസ് പരിഗണിച്ചത്. കേസില്‍ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല.

ജൂലൈ 29ന് ആയിരുന്നു ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ടുപ്രതികളെല്ലാം 200 രൂപ പിഴയടച്ച് കോടതി നടപടികള്‍ അവസാനിപ്പിച്ചപ്പോള്‍ ഗ്രോ വാസു അതിന് തയ്യാറായില്ല. പിഴയടക്കാതിരിക്കുകയും കോടതി നടപടിക്രമങ്ങള്‍ പാലിക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഗ്രോ വാസുവിനെ റിമാന്റ് ചെയ്യുകയായിരുന്നു.

Read more

കോടതിയില്‍ ഗ്രോ വാസു കേസ് സ്വയം വാദിക്കുകയായിരുന്നു. കേസില്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും ഗ്രോ വാസു നിരസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വഴി തടസപ്പെടുത്തിയതില്‍ ആരാണ് പരാതിക്കാരെന്ന് ചോദിച്ച ഗ്രോ വാസു മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണെന്നും ആരോപിച്ചിരുന്നു.