സഹപാഠികളുടെ പീഡനത്തില്‍നിന്ന് രക്ഷപ്പെടവെ പെണ്‍കുട്ടി കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് വീണു: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍: ദൃശ്യങ്ങള്‍ പുറത്ത്

സഹപാഠികളുടെ പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴെ വീണു. തിരുവനന്തപുരം തമ്പാനൂരിലെ ഐപിഎംഎസ് ഏവിയേഷന്‍ സ്ഥാപനത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് താഴെ വീണത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴ്സിന്റെ ട്രെയിനിംഗുമായി ബന്ധപ്പെട്ട് കോഴിക്കോട് പോയപ്പോഴാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് ലോഡ്ജിന്റെ നാലാം നിലയില്‍ നിന്നാണ് താഴേക്ക് വീണത്.

നവംബര്‍ 30 നായിരുന്നു പെണ്‍കുട്ടിക്ക് അപകടമുണ്ടായത്. അധ്യാപകരും സഹപാഠികളും സംഘം ചേര്‍ന്ന് കുട്ടിയെ മാനസികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടുന്നതിനിടെയാണ് കാല്‍ വഴുതി പെണ്‍കുട്ടി താഴേക്ക് വീഴുന്നത്. ഈ സംഭവം മറച്ചുവെയ്ക്കാന്‍ അധികൃതര്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ കോളജിലേക്ക് മാര്‍ച്ച് നടത്തുകയും കോളജ് അടിച്ചു തകര്‍ക്കുകയും ചെയ്തു. എസ്എഫ്‌ഐ മാര്‍ച്ചിന് പിന്നാലെയാണ് ഈ സംഭവം പുറംലോകം അറിയുന്നത്.

തലയ്ക്ക് പരുക്കേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. പെണ്‍കുട്ടിയുടെ കാലുകളും ഒടിഞ്ഞിട്ടുണ്ട്. ദളിത് വംശജയായ പെണ്‍കുട്ടിയെ സഹപാഠികള്‍ ജാതിപറഞ്ഞും അധിക്ഷേപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ കൂടെകൂടിയിരുന്നതായാണ് വിവരം.