മയോണൈസും ചിക്കനും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; സംഭവം കണ്ണൂരില്‍

കണ്ണൂരില്‍ ഏഴ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. നിത്യാനന്ദഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം.

ഒരു കുട്ടിയുടെ വീട്ടില്‍ നിന്നു കൊണ്ടുവന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. മയോണൈസും ചിക്കനുമാണ് കുട്ടികള്‍ കഴിച്ചത്.

ഇതിന് പിന്നാലെ കുട്ടികള്‍ക്ക് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളെ നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.