ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന ആശ പ്രവര്‍ത്തകര്‍ നാളെ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുമായി ചര്‍ച്ച നടത്തും. കൂടിക്കാഴ്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര നേതാക്കള്‍ മന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് തീരുമാനം. നാളെ വൈകുന്നേരം 3ന് മന്ത്രിയുടെ ചേമ്പറിലാണ് കൂടിക്കാഴ്ച.

കഴിഞ്ഞ 19ന് ലേബര്‍ കമ്മീഷണര്‍ക്ക് സമരസമിതി കത്ത് നല്‍കിയിരുന്നു. പിന്നീട് മന്ത്രി വി ശിവകുട്ടിക്ക് മെയില്‍ അയച്ചിരുന്നതായും സമര നേതാവ് വികെ സദാനന്ദന്‍ പറഞ്ഞിരുന്നു. തനിക്ക് ഇതുവരെയും സമരക്കാര്‍ ഒരു അപേക്ഷയും നല്‍കിയിട്ടില്ലെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം.

നേരത്തെ പലവട്ടം സര്‍ക്കാരും സമരക്കാരും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. ഓണറേറിയം കൂട്ടുന്നതും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്.