തമിഴ്നാട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ക്ക് ഒരു കാരണവുമില്ലാതെ കരയുന്ന ശീലമുണ്ടെന്നായിരുന്നു എംകെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ പ്രധാനമന്ത്രിയുടെ പ്രസ്താവന. കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന് അനുവദിക്കുന്ന ഫണ്ടിലെ പോരായ്മ ചൂണ്ടിക്കാട്ടിയ എംകെ സ്റ്റാലിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.
പാമ്പന്‍ പാലത്തിന്റെ ഉദ്ഘാടനത്തെ തുടര്‍ന്നുള്ള രാമേശ്വരത്തെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വികസനത്തിനായി മുന്‍ സര്‍ക്കാരിനേക്കാള്‍ മൂന്നിരട്ടി പണം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
തമിഴ്നാടിന് വികസിത ഇന്ത്യയുടെ യാത്രയില്‍ വളരെ വലിയ പങ്കുണ്ട്. തമിഴ്നാട് കൂടുതല്‍ ശക്തമാകുന്തോറും ഇന്ത്യ വേഗത്തില്‍ വളരുമെന്ന് താന്‍ വിശ്വസിക്കുന്നു. 2014നെ അപേക്ഷിച്ച് കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാടിന്റെ വികസനത്തിനായി മൂന്നിരട്ടി പണം അനുവദിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Read more
ഇങ്ങനെയൊക്കെയാണെങ്കിലും ചിലര്‍ക്ക് ഒരു കാരണവുമില്ലാതെ കരയുന്ന ശീലമുണ്ട്. അവര്‍ കരഞ്ഞുകൊണ്ടേയിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ആവശ്യമായ ഫണ്ട് അനുവദിക്കാതെ കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനെ വഞ്ചിച്ചുവെന്നും സംസ്ഥാനം വളരുകയാണെന്ന വസ്തുത കേന്ദ്രത്തിന് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.