സുഭാഷ് വാസുവിനെ ബി.ഡി.ജെ.എസില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടിയെന്ന് തുഷാര്‍

സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്നും പുറത്താക്കി. ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലിന്റേതാണ് തീരുമാനം. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കല്‍. സ്പൈസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെയ്ക്കാന്‍ സുഭാഷ് വാസുവിനോട് ബിഡിജെഎസ് നേതൃത്വം ആവശ്യപ്പെടുകയും ചെയ്തു.

സ്പൈസസ് ബോര്‍ഡ് ചെയര്‍മാനം സ്ഥാനം രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ബി.ജെ.പി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും തുഷാര്‍ പറഞ്ഞു. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നല്ല പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് പുറത്താക്കിയത്.

മൈക്രോ ഫിനാന്‍സ് എസ്.എന്‍.ഡി.പി യോഗവുമായി ബന്ധപ്പെട്ട വിഷയമാണ്. അവിടെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടാണ് നടത്തിയത്. ബാങ്കില്‍ നിന്ന് തന്റെ പേരില്‍ കള്ള ഒപ്പിട്ട അഞ്ച് കോടി രൂപ വായ്പയെടുത്തതായും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തനിക്കെതിരെയും വെള്ളാപ്പള്ളിക്കെതിരെയും ഇയാള്‍ ഉന്നയിച്ച ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് തുഷാര്‍ പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസു. എസ്എന്‍ഡിപിയിലൂടെയാണ് അദ്ദേഹം പൊതുരംഗത്തു വന്നത്. അവിടെ വന്‍ സാമ്പത്തിക ക്രമക്കേടാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തിനെതിരായ നിയമപോരാട്ടം നടക്കുകയാണെന്നും തുഷാര്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി, കൊലപാതകം നടത്തിയെന്നാണ് ഇയാള്‍ പറയുന്നത്. മരിച്ചവരുടെ അച്ഛന്‍മാര്‍ പോലും ഇത്തരം നെറികെട്ട ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. സുഭാഷ് വാസുവിന്റെ വീട്ടില്‍ സ്പിരിറ്റ് ലോറിക്ക് തീ പിടിച്ചപ്പോള്‍ മരിച്ചത് അഞ്ച് പേരാണ്. ഇയാളാണ് യഥാര്‍ത്ഥ കൊലപാതകിയെന്നും തുഷാര്‍ പറഞ്ഞു