സാങ്കേതിക സര്‍വകലാശാലയ്ക്കായി ഭൂമി വിട്ട് നല്‍കിയതിന് ശേഷം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുകിട സംരംഭക ജീവനൊടുക്കിയ സംഭവത്തില്‍ മൃതദേഹവുമായി പ്രതിഷേധിച്ച് നാട്ടുകാര്‍. ഭൂമി നല്‍കിയതിന് ശേഷം നഷ്ടപരിഹാരം ലഭിക്കാതായതോടെ സാമ്പത്തിക ബാദ്ധ്യതകള്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ രാജി ശിവന്‍ ആത്മഹത്യ ചെയ്തത്.
ഇന്നലെയായിരുന്നു കല്ലുമലയില്‍ ഹോളോ ബ്രിക്സ് കമ്പനി ഉടമയായ രാജി ജീവനൊടുക്കിയത്. രാജിയ്ക്ക് 58 ലക്ഷത്തിലേറെ രൂപയുടെ കടബാദ്ധ്യത ഉണ്ടായിരുന്നു. കമ്പനിയുടെ നടത്തിപ്പിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വായ്പയും ചിട്ടിയുമെല്ലാം എടുത്തിരുന്നു. ഇത് തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. വിളപ്പിലിലെ സാങ്കേതിക സര്‍വകലാശാലയ്ക്കായി തീരുമാനിച്ചിരുന്ന സ്ഥലത്ത് രാജിയുടെ ഭൂമിയും ഉള്‍പ്പെട്ടിരുന്നു. 74 സെന്റ് ഭൂമിയായിരുന്നു കൈവശം ഉണ്ടായിരുന്നത്. രാജിയുടെ കൈയില്‍ നിന്ന് വാങ്ങിയ രേഖകള്‍ തിരികെ ലഭിച്ചിരുന്നില്ല. ഇതോടെ ആ വഴിയും അടയുകയായിരുന്നു.
രാജിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. നഷ്ടപരിഹാരം കൃത്യമായി ലഭിച്ചിരുന്നുവെങ്കില്‍ ഇത്തരം സാഹചര്യം ഉണ്ടാവില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. നിരവധി കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ രേഖകളും പണവും ഇല്ലാതായത്. 100 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാനിരുന്നത്. എന്നാല്‍ പിന്നീട് ഭൂമിയുടെ വിസ്തൃതി 50 ഏക്കര്‍ ആയി കുറച്ചിരുന്നു.
Read more
ഭൂമി വിട്ട് നല്‍കിയ നാട്ടുകാര്‍ ഉള്‍പ്പെടെയായിരുന്നു ഇന്ന് രാജിയുടെ മൃതദേഹം വിട്ടു നല്‍കിയപ്പോള്‍ മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. രേഖകള്‍ വിട്ടു നല്‍കിയില്ലെങ്കില്‍ തുക കോടതിയില്‍ കെട്ടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്ഥലം ഏറ്റെടുത്തതെന്ന് അവര്‍ ആരോപിച്ചു. പൊലീസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. തുടര്‍സമരങ്ങളുമായി മുന്നോട്ട് പോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.