വിതുരയിലെ ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ; റിപ്പോര്‍ട്ട് തേടി വീണാ ജോര്‍ജ്

തിരുവനന്തപുരം പെരിങ്ങമല, വിതുര ആദിവാസി ഊരുകളില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തേടി വനിത ശിശു വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്.

അഞ്ച് മാസത്തിന് ഇടയില്‍ അഞ്ച് പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇവിടെ കഞ്ചാവ് സംഘം പെണ്‍കുട്ടികളെ പ്രണയത്തില്‍ കുരുക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് എന്നാണ് രക്ഷിതാക്കളുടെ പരാതി. കഞ്ചാവ് നല്‍കി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

നവംബര്‍ ഒന്നിനാണ് വെട്ടിയൂര്‍ ആദിവാസി ഊരിലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് കണ്ടെത്തി. രണ്ട് ദിവസം മുമ്പാണ് കേസിലെ പ്രധാന പ്രതി അലന്‍ പീറ്റര്‍ പിടിയിലായത്. ഇയാളുടെ സഹായികള്‍ പിടിയിലായിട്ടില്ല എന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. നവംബറില്‍ തന്നെയാണ് ഒരു പറ ഊരില്‍ മറ്റു രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് വിതുരയില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. പഠിക്കാന്‍ മിടുക്കാരായ കുട്ടികളാണ് ആത്മഹത്യ ചെയ്തവരെല്ലാം.

Read more

ആദിവാസി മേഖലകളില്‍ ലഹരി സംഘങ്ങള്‍ പിടിമുറുക്കിയിട്ടും ഇവരെ നേരിടാന്‍ പൊലീസും എക്‌സൈസും ഒരു പരിശോധനയും നടത്തുന്നില്ല എന്നാണ് പ്രദേശവാസികളുടെ ആരോപണം.