തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തെ തുടര്‍ന്ന് റിമാന്റിലായ പ്രതി റുവൈസ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് റുവൈസ് ജാമ്യാപേക്ഷ നല്‍കിയത്. കോടതി ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
അതേ സമയം റുവൈസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് തിങ്കളാഴ്ച തന്നെ അപേക്ഷ സമര്‍പ്പിക്കും. പ്രതിയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കും എന്നതുള്‍പ്പെടെ പൊലീസ് കോടതിയെ ധരിപ്പിക്കും. റുവൈസിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം.
ഷഹനയുടെ മരണത്തില്‍ പ്രതി ചേര്‍ത്ത റുവൈസിന്റെ പിതാവിനെ ഉടന്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് ഇയാളെ കേസില്‍ പ്രതി ചേര്‍ത്തത്. റുവൈസിന്റെ അറസ്റ്റിന് പിന്നാലെ പിതാവ് ഒളിവില്‍ പോയിരുന്നു. പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോള്‍ വീട് ആളൊഴിഞ്ഞ നിലയിലായിരുന്നു.
Read more
ഇതിന് പിന്നാലെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് ഇയാളെ കേസില്‍ പ്രതി ചേര്‍ത്തത്. സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെടാന്‍ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹനയുടെ ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ആത്മഹത്യ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്.