കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ്ഗോപിക്ക് അനുവാദം നൽകിയേക്കില്ല; ബിജെപി നേതൃത്വത്തിൽ അതൃപ്തി

കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ്ഗോപിക്ക് അനുവാദം നൽകിയേക്കില്ലെന്ന് സൂചന. മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിന് പിന്നാലെ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിയിലാണ്. അമിത് ഷായുടെ പേര് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടതിലും അതൃപ്തിയുണ്ടാക്കിയെന്നാണ് സൂചന.

സുരേഷ് ഗോപി കടുത്ത നിലപാട് തുടർന്നാൽ മന്ത്രി പദവി ഒഴിവാക്കുന്നതും ആലോചിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കേന്ദ്ര സർക്കാർ ചട്ടങ്ങൾ സിനിമ ചെയുന്നതിൽ തടസമാകുമെന്നതിനാലാണ് പുതിയ തീരുമാനത്തിലേക്ക് കടക്കാൻ നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ താല്‍പ്പര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ താല്‍പര്യത്തിന് കേന്ദ്രമാണ് മറുപടി നല്‍കേണ്ടത്. സംസ്ഥാന ഘടകത്തിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകില്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് ‘ഒറ്റക്കൊമ്പൻ’ അടക്കം 22 സിനിമകൾ ചെയ്യാനുണ്ടെന്നും ആർത്തിയോടെയാണ് താൻ അതിനെല്ലാം ഡേറ്റ് കൊടുത്തതെന്നും അതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയാൽ സന്തോഷമേയൊളളൂവെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി രംഗത്തെത്തിയത്. സിനിമ ചെയ്യാനുള്ള അനുവാദം ചോദിച്ച് ചെന്നപ്പോൾ പേപ്പർ കെട്ടെടുത്ത് മൂലയിലേക്ക് എറിഞ്ഞുവെന്നും, എന്തൊക്കെ സംഭവിച്ചാലും താൻ സെപ്റ്റംബർ ആറിന് സിനിമ ചെയ്യാൻ പോരുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Read more