ലഹരി മരുന്ന് കേസില്‍ പിടിയിലായ പ്രതി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പാലക്കാട്ടെ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ലോക്കപ്പിനുള്ളിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. കഴിഞ്ഞ ദിവസം വൈകിട്ട് ഷോജോയുടെ കാടാങ്കോട്ടുള്ള വീട്ടില്‍ പാലക്കാട് എക്‌സൈസ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ ഷോജോയുടെ വീട്ടില്‍ നിന്ന് രണ്ട് കിലോ ഹാഷിഷ് ഓയില്‍ കണ്ടെടുത്തു.
ഇതേ തുടര്‍ന്ന് എക്‌സൈസ് കസ്റ്റഡിയിലെടുത്ത ഷോജോ ജോണിനെ ആദ്യം എക്‌സൈസ് ഓഫീസിലേക്കും പിന്നീട് റേഞ്ച് ഓഫീസിലേക്കും മാറ്റി. 25 ലക്ഷം രൂപയോളം വിലവരുന്ന ഹാഷിഷ് ഓയിലാണ് പ്രതിയില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തത്. പ്രതി ചില്ലറ വില്‍പ്പനയ്ക്കായി വിശാഖപട്ടണത്ത് നിന്ന് ലഹരി മരുന്ന് എത്തിച്ചതായാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം.
Read more
ടിപ്പര്‍ ഡ്രൈവറാണ് മരിച്ച ഷോജോ ജോണ്‍. ഇയാള്‍ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് എക്‌സൈസിന്റെ വാദം. ക്രൈംബ്രാഞ്ച് ദൃശ്യങ്ങള്‍ പരിശോധിക്കും. ഷോജോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.