കെ- സ്വിഫ്റ്റ് അപകടം മനഃപൂര്‍വമെന്ന് സംശയം; അപകടത്തില്‍ ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി

സംസ്ഥാനത്ത് ഇന്നലെ സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് കന്നിയാത്രയില്‍ തന്നെ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി. അപകടം മനപ്പൂര്‍വ്വമാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അപകടത്തിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നും കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി.

തിരുവനന്തപുരം തമ്പാനൂരില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഓഫ് ചെയ്ത ബസ് കല്ലമ്പലത്തിന് സമീപം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല. എന്നാല്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയി. ഇതിന് പകരമായി കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ചാണ് യാത്ര തുടര്‍ന്നത്.

ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നതിന് വേണ്ടിയാണ് കെഎസ്ആര്‍ടിസി പുതിയതായി കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി ആരംഭിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് കെ-സ്വിഫ്റ്റ് ബസ് മുഖ്യമന്ത്രി ഫ്ളാഗ്ഓഫ് ചെയ്തത്. ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടിരൂപ കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് കെ സ്വിഫ്റ്റ് സര്‍വീസ് ആരംഭിക്കുന്നത്.

ആദ്യഘട്ടത്തില്‍ 99 ബസുകളാണ് സര്‍വീസ് ആരംഭിക്കുന്നത്. 28 എണ്ണം എസി ബസുകളാണ്. ഇവയില്‍ 8 എണ്ണം എസി സ്ളീപ്പറും, 20 എസി സെമി സ്ളീപ്പറുമാണ്. കെഎസ്ആര്‍ടിസിയെ നവീകരിക്കുക എന്നതാണ് കെ സ്വിഫ്റ്റിന്റെ ലക്ഷ്യം.