സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍, ഗൂഢാലോചന സമഗ്രമായി അന്വേഷിക്കും: ഡി.ജി.പി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഡിജിപി അനില്‍ കാന്ത്. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നാണ് വിലയിരുത്തുന്നത് എന്ന് എഡിജിപി വിജയ് സാഖറെയും പ്രതികരിച്ചു.

ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉന്നയിച്ചത്. കേസില്‍ ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സിഎം രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, മുന്‍ മന്ത്രി കെടി ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

അതേസമയം വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയുണ്ടായ വിജിലന്‍സ് നീക്കങ്ങളില്‍ പരാതി നല്‍കാന്‍ സരിത്ത് നിയമവിദഗ്ദരുടെ അഭിപ്രായം തേടി. വിജിലന്‍സ് നടപടിയിലടക്കം നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് പരാതി നല്‍കുമെന്ന് സരിത്ത് വ്യക്തമാക്കി. 16ന് വീണ്ടും ഹാജരാകാന്‍ സരിത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സരിത്തിന്റെ മൊബൈല്‍ഫോണും വിജിലന്‍സിന്റെ കസ്റ്റഡിയിലാണ്. ഈ ഫോണുകള്‍ പരിശോധനക്ക് നല്‍കാനാണ് വിജിലന്‍സിന്റെ തീരുമാനം.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെ കെടി ജലീല്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന, കലാപത്തിന് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാമെന്ന നിയമോപദേശം വന്നതിന് പിന്നാലെയാണിത്. എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സ്വപ്നയ്ക്ക് പുറമേ പിസി ജോര്‍ജിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

Read more

മൂന്ന് ആരോപണങ്ങളാണ് ജലീലിന്റെ പരാതിയിലുള്ളത്. തന്നെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തി. അതിന് പിന്നില്‍ സ്വപ്നയും പി.സി.ജോര്‍ജും ഉള്‍പ്പെടെയുള്ളവരുടെ ഗൂഡാലോചനയുണ്ട്. അത് വഴി നാട്ടില്‍ കലാപം സൃഷ്ടിക്കുന്നു എന്നുമാണ് പരാതിയിലുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനും വ്യകതിപരമായി തനിക്കും എതിരെ ഉന്നയിച്ച കള്ള ആരോപണത്തിലാണ് പരാതി നല്‍കിയതെന്ന് ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.