സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന് എറണാകുളം സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കര്‍ദിനാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കര്‍ദിനാളിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിവെയ്ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആറ് ഹര്‍ജികളാണ് ആലഞ്ചേരി നല്‍കിയിരുന്നത്. ഈ ആറു ഹര്‍ജികളും ഹൈക്കോടതി തള്ളി.
കര്‍ദിനാൾ ജോര്‍ജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോഷി പുതുവ, ഭൂമി വില്പനയുടെ ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവര്‍ വിചാരണ നേരിടണമെന്നാണ് കോടതി ഉത്തരവ്. കാക്കനാടുള്ള 60 സെന്റ് ഭൂമി വില്പന നടത്തിയതില്‍ സഭക്ക് കോടികളുടെ നഷ്ടമുണ്ടായതായാണ് ആരോപണം. എട്ട് കേസുകളാണ് കര്‍ദിനാളിന്റെ പേരിലുള്ളത്.
Read more
സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നു എന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി പിഴയടക്കണമെന്നും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.