താമിര്‍ ജിഫ്രി കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചില്ല; നാല് പൊലീസുകാര്‍ക്ക് കേസില്‍ ജാമ്യം

മലപ്പുറം താനൂരിലെ താമിര്‍ ജിഫ്രി കസ്റ്റഡി മരണ കേസില്‍ പ്രതിയായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം. സിബിഐ അന്വേഷിക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചത്.

90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ട കുറ്റപത്രം സിബിഐ സമര്‍പ്പിക്കാത്തതിനാലാണ് പ്രതികള്‍ക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാംപ്രതി താനൂര്‍ സ്റ്റേഷനിലെ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

2023 ഓഗസ്റ്റ് ഒന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ലഹരി മരുന്ന് കേസില്‍ പിടിയിലായ താമിര്‍ ജിഫ്രി ഓഗസ്റ്റ് 1ന് പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലിരുന്ന് മരിച്ചു. പൊലീസ് താമിറിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. താമിര്‍ ജിഫ്രിയുടെ ദേഹത്ത് 21 മുറിവുകള്‍ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

താമിര്‍ ജിഫ്രിയുടെ ദേഹത്ത് കണ്ടെത്തിയ മുറിവുകളില്‍ 19 മുറിവുകള്‍ മരണത്തിന് മുന്‍പ് ഉണ്ടായതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മരണത്തിന് ശേഷമാണ് അവശേഷിക്കുന്ന രണ്ട് മുറിവുകള്‍ സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.