പുറകിലെ ആന ചിന്നംവിളിച്ചു; പേടിച്ച് ഇടഞ്ഞ് ഓടി തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍; പാപ്പാനടക്കം മൂന്നു പേര്‍ക്ക് പരിക്ക്

പാടൂര്‍ വേലയ്ക്കിടെ ആനയിടഞ്ഞ് ഒന്നാംപാപ്പാനടക്കം മൂന്നു പേര്‍ക്ക് പരുക്ക്. തെച്ചിക്കോട്ട് കാവ് ദേവസ്വത്തിന്റെ
കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. ഇന്നലെ എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്ന ശേഷമാണ് ആന ഇടഞ്ഞ് ഓടിയത്. വൈകിട്ട് 7.30നായിരുന്നു സംഭവം. പുറകില്‍ നിന്നിരുന്ന ആന ചിന്നം വിളിച്ചത് കേട്ട് പേടിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മുന്നോേട്ടാടിയത്. ഉടന്‍തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

ഓട്ടത്തിനിടെ ആനയ്ക്കിടയില്‍ പെട്ടാണ് ഒന്നാം പാപ്പാന്‍ നെന്മാറ കരിമ്പാറ സ്വദേശി രാമന് (63) ഗുരുതരമായി പരുക്കേറ്റത്.
ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാടൂര്‍ തെക്കേക്കളം രാധിക(43), അനന്യ(12) എന്നിവര്‍ക്കും പരുക്കേറ്റു. ഇവരെ ആലത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തിലെ ആനപ്രേമികളുടെ ഹീറോയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 13 പേരെ കൊലപ്പെടുത്തിയെങ്കിലും നിരവധി ആരാധകരാണ് തെച്ചിക്കോടിനുള്ളത്. ‘ഏകഛത്രാധിപതി’ പട്ടം നേടിയ സംസ്ഥാനത്തെ ഏക ഗജവീരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സ്വദേശം ബീഹാറാണ്. മോട്ടിപ്രസാദ് എന്നായിരുന്നു പഴയ പേര്. കേരളത്തില്‍ എത്തിയതോടെ തലയെടുപ്പിനൊത്ത പേര് ഏറ്റവും ഉയരമമുള്ള ഈ ഗജരാജന് ചാര്‍ത്തിക്കൊടുകയായിരുന്നു. 1979 ല്‍ തൃശൂര്‍ സ്വദേശിയായ വെങ്കിടാചലാദ്രസ്വാമികളാണ് മോട്ടിപ്രസാദിനെ ബിഹാറിലെ സോണ്‍പൂര്‍ മേളയില്‍ നിന്നും കേരളത്തിലെത്തിച്ചത്. മോട്ടിപ്രസാദിന് വെങ്കിടാദ്രി ഗണേശന്‍ എന്ന പേരുമിട്ടു. 1984-ല്‍ ആണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ ഗണേശനെ നടക്കിരുത്തിയത്. ഇതോടെ ഗണേശന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായി.

Read more

സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടലിന് 340 സെന്റീമീറ്ററോളം നീളമുണ്ട്. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയ്യുമൊക്കെയാണ് രാമചന്ദ്രനെ ഗജരാജനാക്കിയത്.