കലോത്സവത്തിന് ടെന്‍ഡര്‍ നല്‍കും; കോഴിക്കോട്ടെ വിവാദങ്ങളുടെ മുറിവ് ഉണങ്ങി; ഇത്ര പെട്ടെന്നുള്ള തിരിച്ചുവരവ് പ്രതീക്ഷിച്ചില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ പാചകത്തിനായുള്ള ടെന്‍ഡര്‍ ഉടന്‍ നല്‍കുമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. തിരിച്ചുവരണമെന്നും മാറി നില്‍ക്കുന്നത് ശരിയല്ലെന്നും ഒരുപാടുപേര്‍ പറഞ്ഞു. സ്‌കൂളുകളില്‍ നിന്നുവരെ അന്വേഷണം ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ തീരുമാനം മാറ്റിയതെന്ന് അദേഹം പറഞ്ഞു.

ഇത്തരം വേദികളില്‍ നിന്നും അധികകാലം മാറിനില്‍ക്കാനാവില്ല എന്ന് അറിയാമായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചില്ല. പത്ത്-പതിനെട്ട് വര്‍ഷമായി സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന കാര്യമല്ലേ, ആ സമയം മിസ്സ് ചെയ്തിരുന്നു.

സ്‌കൂള്‍ കലോത്സവങ്ങളും കായിക, ശാസ്ത്രമേളകളും നടക്കവേ, സ്‌കൂള്‍ മേളകളുടെ ഊട്ടുപുരയില്‍ ഉണ്ടാകില്ലെന്ന കടുത്ത നിലപാടാണു തല്‍ക്കാലത്തേക്കു പഴയിടം മാറ്റിയത്. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചകം പഴയിടം ഏറ്റെടുത്തു. കളമശേരിയിലെ സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തിനും പഴയിടത്തിന്റെ പാചകസംഘം സദ്യയൊരുക്കും.

Read more

വിവാദങ്ങളെ തുടര്‍ന്നു ജനുവരിയില്‍ കോഴിക്കോട്ടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അടുക്കളയില്‍നിന്നാണു പഴയിടം യാത്ര പറഞ്ഞിറങ്ങിയത്. 2000ല്‍ കോട്ടയത്തെ റവന്യു ജില്ലാ കലോത്സവം മുതല്‍ ഏറ്റെടുത്ത പാചകച്ചുമതലയിലൂടെ ഇതുവരെ രണ്ടേകാല്‍ കോടി കുട്ടികള്‍ക്കു ഭക്ഷണം വിളമ്പിയെന്നാണു പഴയിടത്തിന്റെ കണക്ക്. പാചകച്ചുമതല മറ്റുള്ളവര്‍ക്ക് ഏറ്റെടുക്കാന്‍ അവസരം നല്‍കാന്‍ വേണ്ടിക്കൂടിയുമാണു പിന്മാറ്റമെന്നും ജോലിക്കാരുടെ കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടെന്നും പഴയിടം പറഞ്ഞിരുന്നു. കോഴിക്കോട്ടെ വിവാദങ്ങളും പ്രതികരണങ്ങളും ചര്‍ച്ചകളും മനസ്സില്‍ ആഴത്തിലുള്ള മുറിവേല്‍പിച്ചെങ്കിലും അതെല്ലാം ഉണങ്ങിയെന്നും പഴയിടം പറഞ്ഞു.