താനൂർ ബോട്ടപകടം; ഒരു ബോട്ട് ജീവനക്കാരനെ കൂടി പിടികൂടി പൊലീസ്, നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ

താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് പിടികൂടി. ബോട്ട് ജീവനക്കാരനായ താനൂർ സ്വദേശി വടക്കയിൽ സവാദ് ആണ് പിടിയിലായത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് വികെ മോഹനൻ അപകട സ്ഥലവും ബോട്ടും പരിശോധിച്ചു. അനൗദ്യോഗിക സന്ദർശനം ആണെന്നും കമ്മീഷൻ അംഗങ്ങൾ ഉടൻ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം അന്വേഷണ സംഘം ബേപ്പൂർ പോർട്ട് ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു. അപകടത്തിൽപ്പെട്ട അറ്റ്‌ലാന്‍റിക് ബോട്ടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുത്തു. ആവശ്യമെങ്കിൽ നേരിട്ട് ഹാജരാകാൻ ഉദ്യോഗസ്ഥർക്ക് പൊലീസ് നിർദേശം നൽകി.

അപകടത്തിന് ഇടയാക്കിയ ബോട്ടിലെ സഹായികളായ മൂന്ന് പേരെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. അപ്പു, അനിൽ, ബിലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റിമാൻഡിലുള്ള ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.

അതിനിടെ അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്രാങ്ക് ദിനേശന്റെ വെളിപ്പെടുത്തൽ നിർണായകമാവുന്നു. അപകടത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് ദിനേശന്റെ മൊഴി. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി.