താനൂർ കസ്റ്റഡി മരണം അന്വേഷണം സിബിഐക്ക് കൈമാറുവാൻ സർക്കാർ ഉത്തരവിട്ടിരുന്നു. സർക്കാർ നടപടിയോട് പ്രതികരിച്ച് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ രംഗത്തുവന്നിരിക്കുകയാണ്. സിബിഐ അന്വേഷണത്തിൽ സത്യം തെളിയുമെന്ന് കരുതുന്നു എന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു.
പൊലീസിനെ മാറ്റി നിർത്തിയുള്ള അന്വേഷണമായിരുന്നു കുടുംബം ആവശ്യപ്പെട്ടത്. അത് അംഗീകരിക്കപ്പെട്ടതിൽ സന്തോഷം. സത്യം പുറത്തറിയും വരെ വരെ കേസിന്റെ പിന്നാലെ ഉണ്ടാകുമെന്നും ഹാരിസ് ജിഫ്രി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് താമിർ ജിഫ്രിയുടെ മരണം സിബിഐക്ക് വിട്ട സർക്കാർ ഉത്തരവ് വന്നത്. ക്രൈംബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിച്ചിരുന്നത്.താനൂർ കസ്റ്റഡി മരണത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാനൊരുങ്ങുകയാണ് പ്രതിപക്ഷം.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മരിച്ച താമിറിന് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളാണ് ഉണ്ടായിരുന്നത്.
Read more
താമിർ ഉൾപ്പെടെ അഞ്ചു പേരെ എംഡിഎംഎയുമായി കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ താനൂർ ദേവദാർ പാലത്തിൽ നിന്നും കസ്റ്റഡിയിലെടുത്തുവെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നതെങ്കിലും തിങ്കളാഴ്ച വൈകിട്ട് ചേളാരിയിൽ നിന്നും കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.