ഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

ഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ബോട്ടിംഗ് ഉള്‍പ്പെടെയുള്ളവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളും നീക്കിയിട്ടുണ്ട്. മഴ കുറഞ്ഞത് കണക്കിലെടുത്താണ് നടപടി.

അതേസമയം രാത്രി യാത്രയ്ക്കുള്ള നിരോധനം തുടരും. നേരത്തെ ജില്ലയില്‍ മഴ കനത്തതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചത്. ഖനന പ്രവര്‍ത്തനങ്ങളും തടഞ്ഞിരുന്നു.

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇതേതുടര്‍ന്ന് രണ്ട് ഡാമുകളില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറച്ചു. മുല്ലപ്പെരിയാറില്‍ ഏഴു ഷട്ടറുകളും ഇടുക്കിയില്‍ രണ്ടു ഷട്ടറുകളും അടച്ചു. 2386.90 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.60 അടിയായി.

മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളത്തിന്റെ അളവ് കുറക്കുകയും വൃഷ്ടി പ്രദേശത്ത് മഴകുറയുകയും ചെയ്തതോടെയാണ് ഇടുക്കിയില്‍ രാവിലെ മുതല്‍ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചത്. ഒന്‍പതരയോടെ തുറന്നിരുന്ന അഞ്ചു ഷട്ടറുകളില്‍ മൂന്നെണ്ണം അടച്ചു. പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞിട്ടും തടിയമ്പാട് ചപ്പാത്തിലൂടെയുള്ള വെള്ളമൊഴുക്ക് നിലച്ചിട്ടില്ല. അതിനാല്‍ വാഹനങ്ങള്‍ കടത്തി വിടുന്നില്ല.

മുല്ലപ്പെരിയാറില്‍ നിന്നു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവിനനുസരിച്ച് ഇടുക്കിയില്‍ നിന്നുമൊഴുക്കുന്നതിന്റെ അളവും കുറക്കും. നീരൊഴുക്ക് കുറഞ്ഞതോടെ ഇന്നലെ വൈകുന്നേരം മുതലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പും കുറഞ്ഞു തുടങ്ങിയത്.

Read more

ഇടുക്കി ഡാമില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ രണ്ടു ലക്ഷം ലിറ്ററാക്കിയാണ് കുറച്ചിട്ടുള്ളത്. വീടുകളില്‍ നിന്നും വെള്ളമിറങ്ങിയതോടെ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ക്യാമ്പുകളിലുണ്ടായിരുന്നവര്‍ തിരികെയെത്തി.