കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു; കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ അപകടം

കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു. ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് അപകടം. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.

ഹൈവേ വികസനത്തിന്റെ ഭാ​ഗമായി ചൂരാങ്കൽ പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന പാലമാണിത്. പാലത്തിൽ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ ആയിരുന്നു അപകടം. കോൺക്രീറ്റ് ജോലി ചെയ്തു കൊണ്ടിരുന്ന കുറച്ച് തൊഴിലാളികൾ അപകടം നടക്കുന്ന സമയത്ത് പാലത്തിന് മുകളിലുണ്ടായിരുന്നു. പാലം താഴേക്ക് വീഴുന്ന സമയത്ത് ഈ തൊഴിലാളികൾ ഓടിമാറിയത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്.

പാലത്തിന്റെ നടുഭാ​ഗം താഴേയ്ക്ക് അമർന്നു പോകുന്ന അവസ്ഥയാണുണ്ടായത്. തകർന്നുവീണ പാലം അഴിച്ചുമാറ്റിയ അധികൃതർ തുടർനടപടികളിലേക്ക് കടന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ പാലം താഴേക്ക് അമർന്ന് തകർന്നു വീഴുന്നതാണ് കണ്ടതെന്ന് പ്രദേശവാസികളിലൊരാൾ വ്യക്തമാക്കി.