ജെസ്നയ്ക്കായി സിബിഐ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് സിബിഐ. പ്രദേശികമായിട്ടാണ് ലുക്ക്ഔട്ട് നോട്ടിസ 2018 മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയയെ (20) കാണാതാകുന്നത്. ഇതുവരെ ജെസ്‌നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് 2021 ഫെബ്രുവരിയില്‍ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടത്.

സിബിഐ കേസ് ഏറ്റെടുത്തതിന് ഒരു വര്‍ഷത്തിനു ശേഷമാണു ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നത്. കേസ് അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റര്‍പോളിന് യെലോ നോട്ടിസ് നല്‍കിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. ജസ്‌നയെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും അടക്കമാണ് നോട്ടിസ് പുറത്തിറിക്കിയിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു ജെസ്‌ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്‌നയെ പിന്നീട് കണ്ടിട്ടില്ല. മകള്‍ തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. മസൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി; ഫലമുണ്ടായില്ല.