പ്രളയം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ ആവര്‍ത്തനമാണ് സമീപകാലത്ത് ഉണ്ടാകുന്നതെന്നും കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന വിപത്തുകള്‍ സംബന്ധിച്ച മുന്നറിയിപ്പുകളുടെ രീതിയില്‍ കാലഘട്ടത്തിനുസരിച്ചുള്ള മാറ്റം വരുത്താന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുന്‍കൂട്ടി പ്രവചിക്കപ്പെടുന്നില്ല. പൊതുവായ ആഗോള ഡാറ്റാബേസും മാനദണ്ഡങ്ങളും ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിക്കുന്നുത്. എന്നാല്‍ പൊടുന്നനെ അതിതീവ്രമായ മഴ പെയ്യുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഈ മുന്നറിയിപ്പ് രീതിയില്‍ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തതുവാന്‍ എല്ലാവരും തയ്യാറാകേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാക്കുന്ന ദുരന്താഘാതങ്ങള്‍ ലഘൂകരിക്കാനും കൈകാര്യംചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കോട്ടയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ആരംഭിച്ചത് ഈ മേഖലകളില്‍ ഗവേഷണം നടത്തി സര്‍ക്കാരിന് നയപരമായ ഉപദേശങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണിത്. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ദുരന്തത്തിന്റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായിത്തന്നെ വേണ്ടതുണ്ട്.
തീവ്ര മഴയുടെ പ്രവചനം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിന് അനുസൃതമായ മോഡല്‍ പരാമീറ്റേഴ്‌സ് വികസിപ്പിക്കുന്നതിന് പഠനങ്ങള്‍ നടത്താന്‍ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തോട് ആവശ്യപ്പെടും. ഇത്തരം പഠനങ്ങളുടെ ഫലങ്ങളിലൂടെ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്കുള്ള വിപുലമായ പ്രവചന ഉപാധികള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
Read more
കേരളത്തിന് പ്രത്യേകമായി ഇത്തരം പഠനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ മാനവശേഷിയും സൗകര്യങ്ങളും ഈ കേന്ദ്രത്തിന് ലഭ്യമാക്കും. ഇങ്ങനെ ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതോടൊപ്പം, ദുരന്താഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി മുന്‍കരുതലുകള്‍ തയ്യാറാക്കാനും കഴിയും. ആഘാതത്തിന്റെ വ്യാപ്തി കുറക്കുവാനും പൊതു സുരക്ഷയും പ്രകൃതി ദുരന്തങ്ങള്‍ക്കെതിരായ പ്രതിരോധവും വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ള ഈ നടപടി അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.