ചലച്ചിത്രമേഖലയിലെ സ്ത്രീ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച ആദ്യ സംസ്ഥാനം കേരളം; ഹേമ കമ്മറ്റി ശിപാര്‍ശകള്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യയില്‍ ആദ്യമായി സമിതിയെ നിയോഗിച്ചത് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം ആമുഖമായി എടുത്തു പറയുന്നുണ്ട്.

ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് ചില ഗൗരവതരമായ വിഷയങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴാണ് സര്‍ക്കാര്‍ ഈ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് റിട്ടയേഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചത്. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അതീവ പ്രധാന്യം നല്‍കി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

അടിയന്തരസ്വഭാവത്തില്‍ പരിഗണിക്കേണ്ടതും ഉടന്‍ പരിഹാരം കാണേണ്ടതുമായ പ്രശ്‌നങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തീര്‍പ്പുണ്ടാക്കിയത്. വിശദമായ പരിശോധനയിലൂടെ നടപ്പിലാക്കേണ്ട ശുപാര്‍ശകള്‍ തുടര്‍ന്ന് പരിഗണിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് പൊതുമാര്‍ഗ്ഗ രേഖകൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടോ എന്ന പ്രശ്‌നം അഭിസംബോധന ചെയ്യാനാണ് അടുത്ത ഘട്ടത്തില്‍ ശ്രമിച്ചത്.

സിനിമാ വ്യവസായമേഖലയില്‍ ഇന്റേണല്‍ കംപ്ലൈയിന്റ് കമ്മറ്റി രൂപീകരിക്കുക എന്നത് അടിയന്തിര സ്വഭാവത്തോടെ നടപ്പിലാക്കുന്നു എന്നുറപ്പാക്കിയിട്ടുണ്ട്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രധാന ആവശ്യമായിരുന്നു അത്. മറ്റൊരു പ്രധാന ശുപാര്‍ശ വനിതകള്‍ സംവിധായകരും സാങ്കേതികപ്രവര്‍ത്തകരുമായി വരുന്ന സിനിമകള്‍ക്ക്‌പ്രോല്‍സാഹനം നല്‍കണമെന്നതാണ്. ക്രിയാത്മകമായ ഇടപ്പെടലാണ് സര്‍ക്കാര്‍ അതില്‍ നടത്തിയത്. അതിനായി ബജറ്റ് വിഹിതം നീക്കിവെച്ചു. പ്രതിവര്‍ഷം വനിതകളുടെ വിഭാഗത്തില്‍ രണ്ടും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ രണ്ടും സിനിമകള്‍ക്ക് പരമാവധി ഒന്നരകോടി രൂപ നല്‍കാന്‍ തീരുമാനിച്ചു. നിലവില്‍ നാല് സിനിമകള്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ വനിതാ സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തിറക്കി. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വനിതകള്‍ നിര്‍മ്മിക്കുന്ന മറ്റ് ചലചിത്രങ്ങള്‍ നിര്‍മ്മാണഘട്ടത്തിലാണ്. മലയാള സിനിമയുടെ ആദ്യ നായികയെ കല്ലെറിഞ്ഞ് ഓടിച്ച ഈ നാട്ടില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അവരെ കൊണ്ട് സിനിമ സംവിധാനം ചെയ്യിപ്പിച്ചത് സര്‍ക്കാരിന്റെ എടുത്ത് പറയേണ്ട നേട്ടമാണ്. അന്തരാഷ്ട്ര ചലചിത്രവേദിയായ കാനില്‍പോലും ഈ നേട്ടം ചര്‍ച്ചയായത് ഓര്‍ക്കണം.

കമ്മറ്റിയുടെ ശുപാര്‍ശകളിലൊന്ന് സിനിമാ, ടെലിവിഷന്‍, സീരിയല്‍ രംഗത്തെ തര്‍ക്ക പരിഹാരത്തിനും ചൂഷണം തടയുന്നതിനും ഒരു ജുഡീഷ്യല്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നതായിരുന്നു. കേരളാ സിനിമാ റെഗുലേറ്ററി അതോറിറ്റി ബില്ല് നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തി. വലിയ പ്രാഥമിക ചെലവും പ്രതിവര്‍ഷം ഗണ്യമായ ആവര്‍ത്തന ചെിലവും വരുന്നതാണ് അതോറിറ്റിയുടെ രൂപീകരണം. എന്നാല്‍ കേരള സിനി എപ്ലോയേഴ്‌സ് ആന്റ് എപ്ലോയീസ് (റെഗുലേഷന്‍) ആക്ട് ഉണ്ടാക്കണമെന്നും ട്രിബ്യൂണല്‍ രൂപീകരിക്കണം എന്നുമുള്ള കമ്മിറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ച് നടപടിയെടുക്കും.

സമഗ്രമായ സിനിമാ നയം നടപ്പിലാക്കുക എന്നതാണ് മറ്റൊരു ശുപാര്‍ശ. സിനിമാ നയത്തിന്റെ കരട് തയ്യാറാക്കുന്നതിനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന്റെ അദ്ധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സിനിമാ നയത്തിന്റെ കരട് രേഖ ചര്‍ച്ച ചെയ്യുന്നതിനായി ഒരു കോണ്‍ക്ലേവ് നടത്തും. സിനിമയിലെ പ്രൊഡക്ഷന്‍ ബോയി മുതല്‍ സംവിധായകന്‍ വരെയുളള സിനിമക്ക് മുന്നിലും അണിയറയിലും ഉളള എല്ലാവരേയും പങ്കെടുപ്പിച്ച് വിപുലമായ ചര്‍ച്ച നടത്തിയാണ് സിനിമാ നയം രൂപീകരിക്കുക.

വനിതകള്‍ക്കായി പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, ക്യാമറ ആന്റ് ലൈറ്റിംഗ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, കൊസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വിഷന്‍, മാര്‍ക്കറ്റിംഗ് ആന്റ് പബ്ലിസിറ്റി എന്നീ വിഭാഗങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി സംസ്ഥാന ചലച്ചിത്ര അക്കാദമി വഴി ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിനുശേഷം പ്രൊഫഷണല്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനികളില്‍ തൊഴിലവസരത്തിന് വഴിയൊരുക്കും. ഗുണഭോക്താക്കള്‍ക്ക് ആറ് മാസക്കാലത്തേക്ക് സ്‌റ്റൈപന്റ് അനുവദിക്കും. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സിനിമയുടെ ഏതെങ്കിലും മേഖലയില്‍ മികവു പുലര്‍ത്തുന്ന സ്ത്രീ, ട്രാസ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി 50,000 രൂപയുടെ പ്രത്യേക അവാര്‍ഡ് ഏര്‍പെടുത്തിയിട്ടുണ്ട്. ഗോത്രവര്‍ഗ്ഗ ഗായിക നാഞ്ചിയമ്മ, ശ്രുതി ശരണ്യം എന്നിവര്‍ ഈ അവാര്‍ഡ് നേടിയിട്ടുണ്ട്.

അഭിനയം വൈദഗ്ദ്യം ഉളള തൊഴില്‍ മേഖലയായതിനാല്‍ സ്ത്രീ പുരുഷ ഭേഭമന്യ തുല്യവേതനം ഏര്‍പ്പെടുത്തുക പോലെയുളള ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് ചില പരിമിതികള്‍ ഉണ്ട്. പ്രൊഫഷണലുകളുടെ വേതനം ഒരാളില്‍ നിന്ന് മറ്റൊരാളുടേത് വ്യത്യസ്തമായിരിക്കും. പ്രൊഫഷണല്‍ ആയ സിനിമാ താരത്തിന്റെ ശമ്പളവും, തുടക്കക്കാരനായ നടന്റെയോ നടിയുടെയോ ശമ്പളവും ഒന്നാവണം എന്ന് ആഗ്രഹിക്കാമെങ്കിലും നടപ്പിലാക്കുന്നതിന് പ്രായോഗിക തടസമുണ്ട്. മാത്രമല്ല നിയന്ത്രണത്തിന്റെ പേര് പറഞ്ഞ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും, തൊഴില്‍നൈപുണിയിലുമെല്ലാം അനാവശ്യ മാര്‍ഗ്ഗരേഖകള്‍ കൊണ്ട് വരുന്നത് സിനിമക്കും ഹിതകരമല്ല.

മദ്യം, മയക്കുമരുന്ന് പോലെയുളള ആശാസ്യകരമല്ലാത്ത പ്രവൃത്തികള്‍ തടയണം, ലൈംഗിക അതിക്രമങ്ങള്‍ തടയണം തുടങ്ങിയ ഗൗരവമേറിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലെ മറ്റു ശുപാര്‍ശകള്‍. അതിനെല്ലാം ഇപ്പോള്‍ തന്നെ ക്രമസമാധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഫലപ്രദമായി ഇടപ്പെടാന്‍ കഴിയും. ഇടപെടുന്നുമുണ്ട്. ഷൂട്ടിംഗ് സ്ഥലങ്ങളിലെല്ലാം ഇ ടോയിലറ്റുകള്‍, സുരക്ഷിതമായ ഡ്രസ് ചേഞ്ചിംഗ് മുറികള്‍, സിനിമയുമായി ബന്ധപ്പെട്ട് താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചകാര്യങ്ങള്‍ എന്നിവയിലെല്ലാം സര്‍ക്കാരിന് മാത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നതല്ല. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ ഇതാകെ ചര്‍ച്ച ചെയ്യും.

സിനിമാ മേഖല കുത്തഴിഞ്ഞതാണെന്നോ, അതിലെ സാങ്കേതിക പ്രവര്‍ത്തകരും നടീ നടന്‍മാരും ആകെ അസാന്‍മാര്‍ഗിക സ്വഭാവം വെച്ച് പുലര്‍ത്തുന്നവരാണെന്നോ ഉളള അഭിപ്രായം സര്‍ക്കാരിന് ഇല്ല. ഒരു റിപ്പോര്‍ട്ടിന്റെ ഭാഗമായി സിനിമയിലെ ചിലര്‍ക്ക് ഉണ്ടായ തിക്താനുഭവങ്ങള്‍ വെച്ച് 94 വര്‍ഷത്തെ പൈതൃകമുളള മലയാള സിനിമ രംഗത്തെ വിലയിരുത്തരുത്. ചലച്ചിത്രരംഗത്തെ ആകെ ചെളിവാരിയെറിയുന്ന തരം ആക്ഷേപങ്ങള്‍ ഈ നാടിന്റെ സിനിമ പുരോഗതിക്ക് ചേരില്ല. എന്നാല്‍ അനഭിലഷണീയമായ പ്രവണതകളോട് യാതൊരു സന്ധിയും പാടില്ല.

സിനിമാ തിരക്കഥയുടെ ഭാഗമായി വില്ലന്‍മാരുണ്ടാകാം. പക്ഷെ സിനിമാ വ്യവസായത്തില്‍ വില്ലന്‍മാരുടെ സാനിധ്യം ഉണ്ടാവാന്‍ പാടില്ല. സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന ചെറുപ്പക്കാരും, ചെറുപ്പക്കാരികളും പുതിയ കാലഘട്ടത്തിന്റെ പ്രതിനിധികളാണ്. അപ്രഖ്യാപിതമായ വിലക്കുകള്‍ കൊണ്ട് ആര്‍ക്കും ആരെയും ഇല്ലാത്താക്കാന്‍ കഴിയില്ലന്നാണ് ഈ തലമുറ നമ്മളോട് പറയുന്നത്. സിനിമക്കുളളിലെ അനഭലഷണീയമായ പ്രവണതകളെ ചോദ്യം ചെയ്യാനും എടുക്കുന്ന ജോലിക്ക് മാന്യമായ വേതനവും ഉറപ്പ് വരുത്താനും സിനിമയിലെ സംഘടനകള്‍ മുന്‍കൈ എടുക്കണം. സിനിമക്കുളളില്‍ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥകള്‍ പാടില്ല. മാന്യമായ പെരുമാറ്റവും, മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും ഉറപ്പ് വരുത്തുന്നില്ലെങ്കില്‍ മലയാളസിനിമക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ലോബിയിംഗിന്റെ ഭാഗമായി കഴിവുളള നടീ നടന്‍മാരെ ഒറ്റപ്പെടുത്തുകയോ അവരുടെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമോ ഉണ്ടാവരുത്. ആശയപരമായ അഭിപ്രായഭിന്നതകള്‍ സിനിമയെ ശക്തിപെടുത്താന്‍ വേണ്ടിയുളളതാവണം. ആരേയും ഫീല്‍ഡ് ഔട്ട് ആക്കാനോ, കഴിവില്ലാത്തവര്‍ക്ക് അവസരം നല്‍കാനോ സിനിമക്കുള്ളിലെ ആരും തങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിക്കരുത്.

കഴിവും, സര്‍ഗ്ഗാത്മകതയും തന്നെയായിരിക്കണം സിനിമയിലെ എല്ലാ തരം സാങ്കേതിക പ്രവര്‍ത്തനത്തിന്റെയും മാനദണ്ഡം. ഗ്രൂപ്പുകളോ,കോക്കസുകളൊ ഭരിക്കുന്നതാവരുത് സിനിമ. ചൂഷകര്‍ക്ക് ഒപ്പമല്ല, മറിച്ച് ചൂഷണം ചെയ്യപ്പെടുന്നവരോട് ഒപ്പമാണ് സര്‍ക്കാര്‍. ഇരയ്ക്ക് നിരുപാധികമായ ഐക്യദാര്‍ഢ്യവും വേട്ടക്കാരനെതിരെ സന്ധിയില്ലാത്ത പോരാട്ടവുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. അത് ഒരിക്കലല്ല, പല തവണ ഈ സര്‍ക്കാര്‍ സ്വന്തം പ്രവര്‍ത്തി കൊണ്ട് അടയാളപ്പെടുത്തിയിട്ടുളളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.