പെരിയ ഇരട്ടക്കൊലപാതക കേസിൽ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്ത പാർട്ടി പ്രവർത്തകരുടെ വീടുകളിലെത്തി പിന്തുണ പ്രഖ്യാപിച്ച് സിപിഎം നേതാക്കൾ. കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കല്യോട്ട്, എച്ചിലടുക്കം പ്രദേശങ്ങളിലെ സിപിഎം പ്രവർത്തകരുടെ വീടുകളിലെത്തിയത്. അറസ്റ്റ് രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
പെരിയ ഇരട്ടക്കൊലക്കേസില്‍ പാർട്ടിക്ക് പങ്കില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചാണ് സിബിഐയുടെ അറസ്റ്റെന്നുമാണ് സിപിഎമ്മിന്റെ ന്യായീകരണം. അതുകൊണ്ട് തന്നെയാണ് സി.പി.എം നേതാക്കൾ അറസ്റ്റിലായവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ കണ്ട് നേരിട്ട് പിന്തുണ അറിയിച്ചതും. കഴിഞ്ഞ ആഴ്ച അറസ്റ്റിലായ അഞ്ച് പേരും നിരപരാധികളാണെന്നാണ് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിക്കുന്നത്.
നിരപരാധികളെ കേസിൽ പ്രതി ചേർത്തു സിപിഎമ്മിനെ തകർക്കാനുള്ള നീക്കത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എം.വി.ബാലകൃഷ്ണൻ പറഞ്ഞു. കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നവരെയാണ് കോൺഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം സിബിഐ പ്രതിചേർത്ത് ജയിലിലാക്കിയതെന്ന് ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. കേസിൽ പ്രതി ചേർക്കപ്പെട്ട നിരപരാധികൾക്കൊപ്പം പാർട്ടി ഉണ്ടാകുമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകിയാണ് നേതാക്കൾ മടങ്ങിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത കല്യോട്ടെ സുരേന്ദ്രൻ, റെജി വർഗീസ്, ഹരിപ്രസാദ്, ശാസ്താ മധു, ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് എന്ന രാജു എന്നിവരുടെ വീടുകളാണ് നേതാക്കൾ സന്ദർശിച്ചത്. കോൺഗ്രസുകാരുടെ ആക്രമണത്തിനിരയായ ഓമനക്കുട്ടൻ, വത്സരാജ് എന്നിവരെയും നേതാക്കൾ കണ്ടു. സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.അപ്പുക്കുട്ടൻ, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.രാജ്മോഹനൻ, ഏരിയ കമ്മിറ്റി അംഗം എൻ.ബാലകൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവരിൽ ബാലകൃഷ്ണൻ കേസിലെ പ്രതി കൂടിയാണ്.
Read more
കേസിൽ കഴിഞ്ഞ ദിവസമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരാണ് ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. രാഷ്ട്രീയ വൈരാഗ്യമാണ് ഇരട്ട കൊലപാതകത്തിന് കാരണം എന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്